ടെക്നോപാർക്കിലെ ഭക്ഷ്യപരിശോധന: അന്വേഷിച്ചു നടപടിയെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം∙ ടെക്നോപാർക്കിലെ തോട്ട്‌ലൈൻ ടെക്നോളജീസ് എന്ന സ്ഥാപനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയതിനിടെ അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടായെന്ന ആരോപണം പരിശോധിച്ച് നടപടിയെടുക്കുമെന്ന് സർക്കാർ. പ്രത്യേക സാമ്പത്തിക മേഖലയിൽപ്പെടുന്ന ടെക്നോപാർക്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധന വിവാദമായിരുന്നു. ടെക്നോപാർക്കിലെ റസ്റ്ററന്റുകളും കന്റീനുകളും പരിശോധിക്കാനായി മാർച്ച് ഒൻപതിനാണ് 15 ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ എത്തിയത്. ഇതിൽ ഒരു സംഘം തോട്ട്‌ലൈൻ ടെക്നോളജീസിലും പരിശോധനയ്ക്കു കയറി.

ഓഫിസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പാൻട്രി, കന്റീനാണെന്നു കരുതി അടച്ചുപൂട്ടാനുള്ള നിർദേശവും നൽകി. സംഭവത്തിൽ ആരോഗ്യവകുപ്പ് വിവിധ രേഖകൾ പരിശോധിച്ചിരുന്നു. എന്നാൽ പ്രസ്തുത സ്ഥാപനം ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ പരിശോധന അർഹിക്കുന്നതാണെന്നു തെളിഞ്ഞിട്ടില്ല. അതിനാൽത്തന്നെ പാൻട്രി അടച്ചുപൂട്ടുകയോ അതിനെതിരെ പ്രസ്താവനകൾ പുറത്തിറക്കുകയോ ചെയ്യരുതായിരുന്നു. ഈ സാഹചര്യത്തിലാണ് അവിടെ നടന്ന പ്രശ്നങ്ങളെപ്പറ്റി അന്വേഷണത്തിനു നിര്‍ദേശിച്ചിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇനി മുതൽ ഭക്ഷ്യസുരക്ഷാവകുപ്പിനു പരിശോധിക്കാവുന്ന സ്ഥാപനങ്ങളെക്കുറിച്ചും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തേണ്ട സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കുകയാണ് ആദ്യപടിയെന്നും ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറായിരുന്ന വീണാമാധവനെ പരിശോധനയുടെ പേരിൽ 
തൽസ്ഥാനത്തു നിന്നു നീക്കിയിരുന്നു.