കേംബ്രിജ് അനലിറ്റിക്കയെ ഉപയോഗിച്ചതാര്? തമ്മിലടിച്ചു കോൺഗ്രസും ബിജെപിയും

പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തിയ കേംബ്രിജ് അനലിറ്റിക്ക കമ്പനിയെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ എറ്റുമുട്ടൽ. കേംബ്രിജ് അനലിറ്റയുമായി ബന്ധമുണ്ടെന്ന് പരസ്പരം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ഇതിനിടെ, 2010ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചവരെ തങ്ങൾ സഹായിച്ചിരുന്നതായി അവകാശപ്പെട്ടു കേംബ്രിജ് അനലിറ്റിക്കയുടെ വാർത്താക്കുറിപ്പ് പുറത്തുവന്നത് ബിജെപിക്കു തിരിച്ചടിയായി.

‘2010ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി–ജെഡിയു സഖ്യം കേംബ്രിജ് അനലിറ്റിക്കയുടെ സേവനം ഉപയോഗിച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയുടെ എംപിയുടെ മകനാണു കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ പങ്കാളി ഒവ്‍ലീൻ ബിസിനസ് ഇന്റലിജൻസ് (ഒബിഐ) നടത്തുന്നത്. ഒബിഐയുടെ സേവനം 2009ൽ രാജ്നാഥ് സിങ് ഉപയോഗപ്പെടുത്തിയിരുന്നു’– കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല ആരോപിച്ചു. കേംബ്രിജിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

കേംബ്രിജ് അനലിറ്റിക്കയ്‌ക്കു കോണ്‍ഗ്രസുമായാണു ബന്ധമെന്നു ബിജെപി ആരോപിച്ചു. എത്ര ഇന്ത്യക്കാരുടെ വിവരങ്ങള്‍ കമ്പനിക്കു കൈമാറിയെന്നു കോൺഗ്രസ് വ്യക്തമാക്കണമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഈ കമ്പനിക്കുള്ള പങ്കു വ്യക്തമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 

ബിജെപി വക്താവ് സാംബിത് പത്രയും കോൺഗ്രസിനെതിരെ രംഗത്തെത്തി. ‘ബിജെപിക്ക് ഒന്നും ഒളിക്കാനില്ല. ആയിരക്കണക്കിനു വെബ്സൈറ്റുകളും പതിനായിരക്കണക്കിന് ആളുകളും 2014ലെ ബിജെപി വിജയത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പക്ഷെ അവർക്കൊന്നും ബിജെപിയുടെ വിജയത്തിൽ യാതൊരു പങ്കുമില്ലായിരുന്നു. ആരോപണവിധേയമായ കമ്പനിയാകട്ടെ, ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു– പത്ര പറഞ്ഞു. കമ്പനിയുമായി രാഹുല്‍ ഗാന്ധിക്കു ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചു.

തിരഞ്ഞെടുപ്പുകാലത്തു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി പ്രവർത്തിച്ച രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയെ ഫെയ്‌സ്‌ബുക് പുറത്താക്കിയിരുന്നു. സ്വകാര്യതാനിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫെയ്‌സ്ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ബ്രിട്ടിഷ് സ്വകാര്യസ്ഥാപനം ചോർത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.

ക്രേംബ്രിജ് അനലിറ്റിക്കയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനം സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലാബോറട്ടറീസിനും (എസ്‌സിഎൽ) വിലക്കുണ്ട്. ബ്രിട്ടനിലെ ‘ബ്രെക്സിറ്റ്’ പ്രചാരണ കാലത്തും കേംബ്രിജ് അനലിറ്റിക്ക സമാനമായ രീതിയിൽ സ്വകാര്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ യുകെ പാർലമെന്റ്–സർക്കാർ സമിതികൾ അന്വേഷണം നടത്തുന്നുണ്ട്.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്നു കമ്പനി

ലോകത്തെ വിവിധ രാജ്യങ്ങളിലെ 200 തിരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്‍റെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്ക. ബിജെപി–ജനതാദള്‍ (യു) പാര്‍ട്ടികള്‍ ചേര്‍ന്ന എന്‍ഡിഎ സഖ്യം വന്‍വിജയം നേടിയ 2010 ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവരെ ജയിപ്പിക്കാന്‍ സജീവമായി ഇടപെട്ടിരുന്നതായും കേംബ്രിജ് അനലിറ്റിക്ക വെളിപ്പെടുത്തി. ഒൗദ്യോഗിക വെബ്െെസറ്റിലെ വാർത്താക്കുറിപ്പിലാണു വെളിപ്പെടുത്തൽ. ആദ്യമായാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണംവാങ്ങി വിദേശ കമ്പനി ഇടപെട്ടതായി തെളിയുന്നത്.