‘ഇയാളെ സ്ഥലം മാറ്റണം’– മന്ത്രിയുടെ ഓഫിസിൽ നിന്നു നിർദേശം വരുന്നത് ഫോണിലൂടെ

തിരുവനന്തപുരം∙ മൃഗസംരക്ഷണ വകുപ്പിലെ സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും ചട്ടങ്ങൾ മറികടന്നു വകുപ്പ് മന്ത്രിയുടെ ഓഫിസ് ഇടപെടുന്നതായി ആരോപണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മന്ത്രിയുടെ ഓഫിസില്‍നിന്നു ഫോണിലൂടെ നിര്‍ദേശിക്കുന്നതായും അനുസരിക്കാത്ത ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നുവെന്നുമാണ് ആരോപണം. ചട്ടങ്ങള്‍ മറികടന്നു പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പുകൾ മനോരമ ഓൺലൈനു ലഭിച്ചു.

വയനാട് ജില്ലയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടിറങ്ങിയ ഉത്തരവാണ് ഇതിലൊന്ന്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തില്‍ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ടെലിഫോണ്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു സ്ഥലം മാറ്റം എന്നാണു പരാമര്‍ശമായി പറഞ്ഞിരിക്കുന്നത്. നാലു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയാണു ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ സ്ഥലംമാറ്റിയത്.

വകുപ്പുതല സ്ഥലംമാറ്റവും നിയമനങ്ങളും സര്‍ക്കാര്‍ ചട്ടങ്ങളനുസരിച്ചാണു നടക്കേണ്ടത്. വിവിധ തലത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അനുമതി നല്‍കേണ്ട കാര്യമാണു മന്ത്രിയുടെ ഓഫിസിലുള്ളവര്‍‌ ഫോണിലൂടെ പറയുമ്പോള്‍ ഉത്തരവായി പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍.എൻ. ശശി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ടെലഫോണ്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും അതു സാധാരണ നടപടിയാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ വ്യക്തമാക്കി.

വയനാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ക്ലാര്‍ക്ക്- ടൈപ്പിസ്റ്റായിരുന്ന വ്യക്തിയെ തിരുവനന്തപുരത്തെ സംസ്ഥാന വെറ്ററിനറി കൗണ്‍സിലിലേക്ക് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയമിച്ചതാണു മറ്റൊരു അനധികൃത ഇടപെടല്‍. ക്ലാര്‍ക്ക് - ടൈപ്പിസ്റ്റായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനു കേരള വെറ്ററിനറി കൗണ്‍സിലില്‍ സ്പെഷല്‍ ഡ്യൂട്ടി അനുവദിച്ച നടപടി നിയമപരമല്ലെന്നാണു ഭരണവിഭാഗം ഫയലില്‍ എഴുതിയത്.

ഫയലില്‍നിന്ന്: കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ മൃഗസംരക്ഷണവകുപ്പിന്റെ ഭരണപരമോ സാമ്പത്തികമോ ആയ നിയന്ത്രണത്തിലുള്ള സ്ഥാപനമല്ല. അതുകൊണ്ടുതന്നെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരെ ആ സ്ഥാപനത്തിലേക്ക് സ്പെഷല്‍ ഡ്യൂട്ടിയില്‍ നിയമിക്കാന്‍ കഴിയില്ല. വകുപ്പില്‍നിന്നു ശമ്പളം നല്‍കി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു നിയമപരമല്ല. ക്ലാര്‍ക്ക് തസ്തികയില്‍ ക്ലാര്‍ക്ക് - ടൈപ്പിസ്റ്റ് തസ്തികയിലുള്ള ആള്‍ക്കു സ്പെഷല്‍ ഡ്യൂട്ടി നല്‍കിയതും തെറ്റാണ്. ഡ്യൂട്ടി പിന്‍വലിക്കണം.

എന്നാല്‍, മൃഗസംരക്ഷണവകുപ്പു ഡയറക്ടര്‍ കഴിഞ്ഞ മാസം 19ന് ഇറങ്ങിയ ഉത്തരവില്‍ ഈ ഉദ്യോഗസ്ഥന്റെ സ്പെഷല്‍ ഡ്യൂട്ടി ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. വകുപ്പിലെ ഭൂരിഭാഗം താല്‍ക്കാലിക നിയമനങ്ങളും നിയമപരമല്ലെന്നും പിഎസ്‌സി വഴിയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരമോ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്നും എംപ്ലോയ്മെന്റ് ഡയറക്ടറ്ററേറ്റ് മുന്‍പു നിര്‍ദ്ദേശം നല്‍കിയിരുന്നു.