Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ തിരഞ്ഞെടുപ്പിലും ‘ഫെയ്സ്ബുക് ഡേറ്റ’ സ്വാധീനം; ഭയക്കണം മോദിയും രാഹുലും

Facebook-Modi-Zuckerberg മാർക് സക്കർബർഗിന്റെ ഇന്ത്യ സന്ദർശന വേളയിൽ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. (ഫയൽ ചിത്രം)

‘ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ഏതെങ്കിലും വിധത്തിൽ ഫെയ്സ്ബുക്കിലെ ഡേറ്റ ചോർച്ച ബാധിച്ചിട്ടുണ്ടെങ്കിൽ അക്കാര്യവും ഞങ്ങൾ പരിശോധിക്കും...’ ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ വാക്കുകൾ. ഡേറ്റ ചോർന്നു ദിവസങ്ങൾ കഴിഞ്ഞാണു വിശദീകരണവുമായി സക്കർബർഗ് രംഗത്തെത്തിയതെങ്കിലും അതിനു മുൻപേ ഇന്ത്യയിൽ ‘അടി’ തുടങ്ങിയിരുന്നു. ഫെയ്സ്ബുക്കിൽനിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരം ചോർത്തിയ കേംബ്രിജ് അനലിറ്റിക്ക(സിഎ) എന്ന ഡേറ്റ അനലിറ്റിക്സ് കമ്പനിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ബന്ധമുണ്ടെന്നായിരുന്നു ബിജെപി ആരോപണം.

എന്നാൽ സിഎയുടെ ഇന്ത്യൻ ‘പാർട്ണർ’ ആയ, ഗാസിയാബാദ് ആസ്ഥാനമായുള്ള ഒവ്‍ലിനോ ബിസിനസ് ഇന്റലിജന്റ്സ് കമ്പനിയുടെ ഉപയോക്താക്കളിൽ ഒന്നു ബിജെപിയാണെന്നു ചൂണ്ടിക്കാട്ടിയാണു കോൺഗ്രസിന്റെ തിരിച്ചടി. ഒരു കാര്യം ഉറപ്പ്, ട്രംപിനെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ സിഎ ഇടപെട്ടിട്ടുണ്ടെന്ന വാദം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും തിരിച്ചടിയാകും. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഉൾപ്പെടെ.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതുവരെയില്ലാത്ത വിധമാണു ബിജെപി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയത്. അന്ന് ഇംഗ്ലിഷ് മാധ്യമങ്ങളിലുൾപ്പെടെ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ മികച്ചതാക്കാൻ വൻതോതിലാണു ഫെയ്സ്ബുക് ഉൾപ്പെടെ ഉപയോഗപ്പെടുത്തിയത്. രാഷ്ട്രീയ ശത്രുക്കളെ തറപറ്റിക്കാൻ ട്രോളുകൾ വരെ നിർമിക്കുന്ന സംഘം ബിജെപിക്കുണ്ടായിരുന്നു. ബിജെപിയുടെ ഡൽഹിയിലെ ആസ്ഥാനത്ത് അരവിന്ദ് ഗുപ്തയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ സെൽ ഒരു സർക്കാർ ഓഫിസിലെന്ന പോലെ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിച്ചതെന്ന് ‘അയാം എ ട്രോൾ’ എന്ന തന്റെ പുസ്തകത്തിൽ മാധ്യമപ്രവർത്തക സ്വാതി ചതുർവേദി വിവരിച്ചിട്ടുണ്ട്.

‘രാജ്യം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ‘പൊളിറ്റിക്കൽ സോഷ്യൽ മീഡിയ ക്യാംപെയ്നാ’യിരുന്നു 2014ൽ മോദിയുടെ നേതൃത്വത്തിൽ നടന്നത്. ഡൽഹിയിൽ മാത്രം ഇരുനൂറിലേറെ പേർ സോഷ്യൽ മീഡിയ സെല്ലിലുണ്ടായിരുന്നു. പാർട്ടി അനുഭാവികളായ ആയിരക്കണക്കിനു ട്വിറ്റർ ഉപയോക്താക്കളുടെ ഡേറ്റ ബാങ്ക് തന്നെ ബിജെപി രൂപീകരിച്ചു. ആവശ്യം വരുമ്പോൾ ഉപയോഗപ്പെടുത്താനായിരുന്നു ഇത്. അതുവഴി ഹാഷ്ടാഗുകൾ മോദിക്ക് അനുകൂലമാകും വിധം ട്രെൻഡാക്കാനും അരവിന്ദ് ഗുപ്തയ്ക്കു സാധിച്ചു. സമൂഹമാധ്യമങ്ങൾ വഴി ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാട് മനസ്സിലാക്കി ഗുരുഗ്രാമിൽ വീടുകയറിയുള്ള ക്യാംപെയ്ൻ വരെ ബിജെപി നടത്തിയിരുന്നു...’ സ്വാതി പുസ്തകത്തിൽ വിശദീകരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചാരണത്തിന്റെ പുതിയ യുദ്ധമുഖം തുറന്നതോടെ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ. ഖുറേഷിയും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. പ്രചാരണത്തിനു വരുന്ന ചെലവു കണക്കാക്കുമ്പോൾ സമൂഹമാധ്യമങ്ങളെ കൂടി പരിഗണിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ സമൂഹമാധ്യമങ്ങളിൽ അന്നിറക്കിയ പണത്തിന്റെ കണക്ക് തിരഞ്ഞെടുപ്പു കമ്മിഷനു പോലും ലഭിച്ചിട്ടില്ലെന്നതാണു സത്യം. യോഗി ആദിത്യനാഥിനെ അധികാരത്തിലെത്തിച്ച ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ‘ഡേറ്റ പൊളിറ്റിക്സ്’ കണ്ടതാണ്. അതുപക്ഷേ സമൂഹമാധ്യമങ്ങൾക്കൊപ്പം തന്നെ ഗ്രാമങ്ങൾ തോറും ബിജെപി പ്രവർത്തകർ കയറിയിറങ്ങി വോട്ടർമാരുടെ രാഷ്ട്രീയ താത്പര്യങ്ങൾ ഉൾപ്പെടെ ചേർത്ത് ‘പ്രൊഫൈലുകൾ’ തയാറാക്കുകയായിരുന്നു.

യുപി തിരഞ്ഞെടുപ്പിലെ വൻ തോൽവിക്കു പിന്നാലെയാണു ഡേറ്റയുടെ സാധ്യത കോൺഗ്രസും അന്വേഷിക്കുന്നത്. ഒടുവിൽ അടുത്തിടെ കോൺഗ്രസും ഡേറ്റ അനലിറ്റിക്സ് വിദഗ്ധൻ രാഹുൽ ചക്രവർത്തിയെ പാർട്ടിക്കു വേണ്ടി നിയോഗിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങളിൽ ഉൾപ്പെടെ ഡേറ്റ അനലിറ്റിക്സ് വഴിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മൂർച്ചകൂട്ടാനുള്ള ശ്രമങ്ങൾക്കും പാർട്ടി തുടക്കമിട്ടു കഴിഞ്ഞു. 2010ലും 2011ലും ജാർഖണ്ഡിൽ യൂത്ത് കോൺഗ്രസിനെ സഹായിച്ചതായും ഒവ്‍ലിനോ ബിസിനസ് ഇന്റലിജന്റ്സ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഡേറ്റ ചോർച്ചയുടെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറിയിരുന്നോ എന്നാണ് ഇപ്പോൾ ഇന്ത്യ ഉറ്റുനോക്കുന്നത്. ഫെയ്സ്ബുക്കിലെ ഡേറ്റ ചോർച്ചയുടെ പേരിൽ ബിജെപിക്കും കോൺഗ്രസിനും ഹാലിളകുന്നതും ഇതുകൊണ്ടാണ്. വരുംനാളുകളിൽ യുഎസിൽ പൊട്ടിയതിനേക്കാളും വലിയൊരു ‘ഫെയ്സ്ബുക് ബോംബ്’ ഇന്ത്യയിൽ പൊട്ടുമെന്ന് ടെക്നോലോകവും സൂചന നൽകുന്നുണ്ട്.

Read: എന്നാൽ എങ്ങനെയാണ് ഒരു വ്യക്തിയെപ്പറ്റിയുള്ള ഫെയ്സ്ബുക് ഡേറ്റ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനാകുക?