ചെങ്ങന്നൂരിൽ നോട്ടമിട്ട് മാണിയുമായി സഹകരിക്കാ‌ൻ സിപിഎം; വേണ്ടെന്ന് സിപിഐ

കെ.എം.മാണി, കാനം രാജേന്ദ്രന്‍

ന്യൂഡൽഹി∙ കെ.എം. മാണിയുമായി സഹകരിക്കാനുള്ള നീക്കം ഉൗര്‍ജിതമാക്കി സിപിഎം. ഇതിനായി സിപി‌ഐ‌‌യെ അനുനയിപ്പിക്കാന്‍ ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. എന്നാല്‍, മാണി വേണ്ടെന്ന സിപി‌ഐ‌‌യുടെ ഉറച്ച നിലപാടില്‍ ഉടക്കി യോഗം പിരിഞ്ഞതായാണ് റിപ്പോർട്ട്. നിലവില്‍ സഹകരിപ്പിച്ചില്ലെങ്കിലും അധിക്ഷേപിച്ച് അകറ്റിനിര്‍ത്തേണ്ടതില്ലെന്ന അഭിപ്രായം സിപിഎം സിപി‌ഐ‌‌യെ അറിയിച്ചിട്ടുണ്ട്.

അതേസമയം കെ.എം. മാണി ഇടതു മുന്നണിയില്‍ വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ സംസ്ഥാന നേതൃത്വം വീണ്ടും രംഗത്തെത്തി. മാണിയോടുള്ള നിലപാടില്‍ മാറ്റമില്ല. സഹകരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് കരുതുന്നില്ല. എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കെ.എം. മാണിയുടെ ആവശ്യമില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവര്‍ സിപിെഎ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരുമായി എകെജി ഭവനിലാണ് മാണിയുമായുള്ള സഹകരണത്തേക്കുറിച്ച് ചര്‍ച്ച നടത്തിയത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു വിഷയം. മാണിയുടെ സഹായം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വാദം സിപിഎമ്മില്‍ ഒരുവിഭാഗത്തിനുണ്ട്.

എന്നാല്‍, മാണിവരേണ്ടെന്ന ഉറച്ച നിലപാടിലാണ് സിപി‌ഐ‌‌. മാണിക്കെതിരെ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സിപി‌ഐ‌‌ നേതാക്കളോട് സിപിഎം ആവശ്യപ്പെട്ടു. വിഷയത്തില്‍ സിപിഎമ്മുമായി ഭിന്നതയുണ്ടെന്ന് സുധാകര്‍ റെഡ്ഡിയും പ്രതികരിച്ചു. സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കുമെന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കേരള കോൺഗ്രസിന്റെ കാര്യത്തിൽ സിപിഎം പിബിയിലും ഭിന്നതയുണ്ട്.