പ്രതിപക്ഷത്തെ നയി‌ക്കാൻ ആരും വേണ്ട: സിപിഎം മുഖപത്രം

ന്യൂഡൽഹി ∙ ബിജെപിക്കെതിരെ അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസ് വേണ്ട, യുപിഎ മാതൃകയും വേണ്ട. എന്നാൽ, ബിജെപി വിരുദ്ധരായ പ്രധാന പാർട്ടികളെല്ലാം ഒരുമിച്ചുനിൽക്കണമെന്നു സിപിഎം. ആരുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഒന്നിച്ചുനിൽക്കുമെന്നു പറയാൻ പാർട്ടി തയാറല്ല. സിപിഎം മുഖപത്രമായ ‘പീപ്പിൾസ് ഡെമോക്രസി’യുടെ പുതിയ ലക്കത്തിൽ യുപിയിലെ ഉപതിരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുന്ന മുഖപ്രസംഗത്തിലാണു പാർ‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തിലെ ആശയക്കുഴപ്പം വ്യക്തമാകുന്നത്.

കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നു വാദിക്കുന്ന മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണു മുഖപത്രത്തിന്റെ പത്രാധിപർ. യുപി ഉപതിരഞ്ഞെടുപ്പു ബിജെപിയെ പരാജയപ്പെടുത്താനുള്ള തിരഞ്ഞെടുപ്പു തന്ത്രത്തെക്കുറിച്ചു പ്രധാന പാഠങ്ങൾ നൽകുന്നുവെന്നു മുഖപ്രസംഗം പറയുന്നു.

പാഠങ്ങൾ ഇവയാണ്:

∙ യുപിയിൽ ബിജെപിക്കു വലിയ തോതിൽ സീറ്റ് നഷ്ടമായാൽ അവർ ലോക്സഭയിൽ ഭൂരിപക്ഷത്തിന് അടുത്തെങ്ങുമെത്തില്ല. പ്രധാന ബിജെപി ഇതര പാർട്ടികൾ ഒരുമിച്ചുവന്നാൽ ചെറുപാർട്ടികൾക്ക് അവരെ പിന്തുണയ്ക്കാം. എന്നാൽ, ബിഎസ്പി – എസ്പി സഹകരണം നീണ്ടുനിൽ‍ക്കുമോയെന്നു കണ്ടറിയണം.

∙ ബിജെപിയെ നേരിടാൻ ഫലപ്രദമായ മാർഗം പ്രതിപക്ഷ പാർട്ടികളുടെ അഖിലേന്ത്യാ സഖ്യമോ മുന്നണിയോ അല്ല. യുപിഎ മാതൃകയിലുള്ള വിശാലസഖ്യമാണു കോൺഗ്രസ് ഉദ്ദേശിക്കുന്നത്. അതു വിജയിക്കില്ല. ബദൽ പരിപാടിയുടെ അടിസ്ഥാനത്തിൽ സഖ്യത്തെ നയിക്കാനുള്ള വിശ്വാസ്യതയും കോൺഗ്രസിനില്ല.

∙ ബിജെഡി, ടിഡിപി, ടിആർഎസ് തുടങ്ങിയ പ്രാദേശിക കക്ഷികൾ കോൺഗ്രസ് സഖ്യത്തിൽ പങ്കാളിയാവില്ല. ദേശീയ സഖ്യത്തിനില്ലെന്നു സിപിഎം വ്യക്തമാക്കിക്കഴിഞ്ഞു.

∙ ബിജെപി ഇതര, കോൺഗ്രസ് ഇതര ഫെഡറൽ‍ മുന്നണിയെന്ന ആശയവും പരാജയപ്പെടും. ഡിഎംകെയും ആർജെഡിയും കോൺഗ്രസിനൊപ്പമാണ്. പ്രാദേശിക കക്ഷികൾക്കെല്ലാം ഒരുമിച്ചു നിൽക്കാനാവില്ല.

∙ സംസ്ഥാന അടിസ്ഥാനത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കണം. അതാണ് യുപിയിൽ സംഭവിച്ചത്.

∙ ചില മതനിരപേക്ഷ വൃത്തങ്ങൾ അടുത്ത പാർട്ടി കോൺഗ്രസ് പരിഗണിക്കാനുള്ള അടവുനയത്തെ ചോദ്യംചെയ്യുന്നു. മോദി സർക്കാരിന്റെ സമ്പന്നാഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും വർഗീയാതിക്രമങ്ങൾക്ക് എതിരെയുള്ള െഎക്യം ശക്തിപ്പെടുത്താനുമുള്ള നയമാണത്.

ബിജെപിയുടേതിനു സമാനമായ നവ ഉദാരവൽക്കരണ നയമുള്ള കോൺഗ്രസുമായി സഖ്യമോ ധാരണയോ പറ്റില്ല. ബിജെപി വിരുദ്ധ വോട്ടുകൾ‍ ഒന്നിപ്പിക്കാനുള്ള തിരഞ്ഞെടുപ്പുതന്ത്രമാണു വേണ്ടത്. ഓരോ സംസ്ഥാനത്തും ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുകയെന്നതാണു പ്രായോഗിക മാർഗം.

ജ്യോതി ബസുവിന്റെ മാതൃക പിന്തുടരുക

1993ലെ യുപി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ നാലുദിവസം ജ്യോതി ബസു പ്രചാരണത്തിന് ഇറങ്ങിയത് മുഖപ്രസംഗം ഓർമിപ്പിക്കുന്നു: ‘വാരാണസിയിലെ പത്രസമ്മേളനത്തിൽ‍, ഓരോ മണ്ഡലത്തിലും ബിജെപിയെ തോൽപിക്കാൻ സാധിക്കുന്ന സ്ഥാനാർഥിക്കു വോട്ട് ചെയ്യണമെന്നാണു ജ്യോതി ബസു ആഹ്വാനം ചെയ്തത്. ബിജെപി വിരുദ്ധ വോട്ടുകൾ ഒന്നിപ്പിക്കുകയെന്നാണ് ഉദ്ദേശിച്ചത്. ബിജെപി പരാജയപ്പെട്ടു, എസ്പി–ബിഎസ്പി സർക്കാരുണ്ടായി.’