2016 ആവർത്തിക്കരുതെന്ന് രാഹുൽ ഗാന്ധി; സീറ്റ് ചർച്ചകളിലേക്ക് യുഡിഎഫ്

udf-logo
SHARE

തിരുവനന്തപുരം ∙ സീറ്റ് വിഭജനത്തിന്റെ ഗൗരവമേറിയ പ്രാരംഭ ചർച്ചകളിലേക്കു കടക്കാൻ തിരക്കിട്ടു യുഡിഎഫ് യോഗം വിളിച്ചു. സീറ്റ് തർക്കം തിര‍ഞ്ഞെടുപ്പ് അടുക്കുന്നതുവരെ നീട്ടരുതെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കർശന നിർദേശമനുസരിച്ചാണു നാളെ വൈകിട്ട് ആറിനു യുഡിഎഫ് ചേരുന്നത്.

കൊച്ചിയിൽ രാഹുലിനെ കണ്ട യുഡിഎഫ് കക്ഷിനേതാക്കൾ കൂടുതൽ സീറ്റിനായുള്ള വാദങ്ങളിലേക്കു കടന്നിരുന്നു. ആ ചർച്ച ഇവിടെ മതിയെന്നു പറഞ്ഞ രാഹുൽ ഇക്കാര്യം നീട്ടരുതെന്നു സംസ്ഥാന നേതൃത്വത്തെ ശട്ടംകെട്ടി. 2016 ൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനചർച്ച ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയ ഘട്ടം വരെ നീട്ടിക്കൊണ്ടുപോയി വഷളാക്കിയത് ആവർത്തിക്കരുതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അന്നു പലവട്ടം ഇവിടെ ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. ഒടുവിൽ ഡൽഹിയിൽ കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചുവെന്ന പ്രതിഷേധം ഘടകകക്ഷികൾക്കുണ്ടായി. ഇത്തരം അപസ്വരങ്ങൾ ഇനിയുണ്ടാകരുതെന്നാണു ഹൈക്കമാൻഡിന്റെ നിർദേശം.

രണ്ടു സീറ്റിൽ മത്സരിക്കുന്ന മുസ്‍ലിം ലീഗ് മൂന്നാമതൊരു സീറ്റ് കൂടി ചോദിച്ചിട്ടുണ്ട്. കോട്ടയം സീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസിന് ഇടുക്കിയോ ചാലക്കുടിയോ കൂടി വേണം. അക്കാര്യത്തിൽ പി.ജെ. ജോസഫ് പിടിമുറുക്കുന്നതിനു പിന്നിൽ മാണിഗ്രൂപ്പിലെ ഉൾപ്പാർട്ടി രാഷ്ട്രീയവും കോൺഗ്രസ് കാണുന്നു.  കേരള കോൺഗ്രസ്(ജേക്കബ്), ഫോർവേഡ് ബ്ലോക്ക് തുടങ്ങിയവയുടെ സീറ്റ് അവകാശവാദം കോൺഗ്രസ് ഗൗരവത്തോടെ കാണുന്നില്ല. ഈ പാർലമെന്റിൽ പരമാവധി കോൺഗ്രസ് അംഗങ്ങളെന്നതു പ്രതിപക്ഷചേരിയുടെ ഭൂരിപക്ഷ വികാരമായതിനാൽ ലീഗും കേരള കോൺഗ്രസും ഒടുവിൽ വഴങ്ങുമെന്നു തന്നെയാണു പാർട്ടി കരുതുന്നത്.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരള യാത്ര ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന സാഹചര്യത്തിൽ മുന്നണിതല ചർച്ചകൾക്കു തുടർന്നുള്ള ദിവസങ്ങളിൽ അസൗകര്യമുണ്ട്. അതു കൂടി കണക്കിലെടുത്താണു നാളെ ചർച്ചകൾ ആരംഭിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA