Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയും ബിജെപിയും അവഗണിക്കുന്നു; പാർട്ടി വിടുമെന്ന് സൂചിപ്പിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

shatrughan-sinha ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി∙ ദേശീയ ജനാധിപത്യ മുന്നണിയിൽനിന്നു പാർട്ടികൾ കൊഴിയുന്നതിനിടെ, ബിജെപിയെ കൈവിടാനൊരുങ്ങി മുതിർന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും. പാർട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്‌നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണു പാർട്ടി ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുമായി സിന്‍ഹ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി.

‘പല പാർട്ടികളിൽനിന്നും വാഗ്ദാനങ്ങളുണ്ട്. എന്റെ പാർട്ടിയിലോ മറ്റു പാർട്ടികളിലോ സ്വതന്ത്രമായി നിന്നോ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും. ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ തന്നെയായിരിക്കും 2019ലും മത്സരിക്കുക’– ദേശീയ ചാനലിനോടു സിൻഹ പറഞ്ഞു. പാർട്ടി ഉപേക്ഷിക്കാൻ സിൻഹ തയാറെടുക്കുന്നെന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നാണു നിരീക്ഷണം.

‘2014ൽ ഞാൻ മത്സരിക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം ബിജെപി ടിക്കറ്റ് തന്നു. ഇപ്പോഴിതാ വീണ്ടും അഭ്യൂഹങ്ങൾ പരക്കുന്നു. റെക്കോർഡ് ഭൂരിപക്ഷത്തിലാണു കഴിഞ്ഞതവണ ജയിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് എനിക്കാണ്. പിന്നെന്തുകൊണ്ടു വീണ്ടും സ്ഥാനാർഥിയായിക്കൂടാ? ’– സിൻഹ ചോദിച്ചു. മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പാർട്ടി പരിഗണിക്കുന്നില്ലെന്നും സിൻഹ കുറ്റപ്പെടുത്തി.

‘ഈ പാർട്ടി അധികാരത്തിൽ വന്നതുമുതല്‍ എന്നെ വേദനിപ്പിക്കുന്നു. അവർ എന്റെ പാർട്ടി പ്രവർത്തകരാണ്. അതിനാൽ പുറംലോകത്തോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചു വിശദീകരിക്കാനാവില്ല. നിരവധിയാളുകളോടു പാർട്ടി മോശമായാണു പെരുമാറുന്നത്. പുറത്തുപോകാനായല്ല താൻ പാർട്ടിയിൽ ചേർന്നത്. ദാർശനികനും ഗുരുവും സുഹൃത്തുമായ എൽ.കെ. അഡ്വാനിയുടെ കാര്യം നോക്കൂ. രണ്ടിൽ നിന്നു 200 സീറ്റിലേക്കു പാർട്ടി വളർത്തിയ നേതാവാണ്. അദ്ദേഹം ഇപ്പോഴെവിടെയാണ്. അഡ്വാനിയിപ്പോൾ ഒന്നുമല്ല’– സിൻഹ ചൂണ്ടിക്കാട്ടി.

രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആശ്വാസത്തില്‍ ഉത്തർപ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തോൽവി മറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപിയെ ‍ഞെട്ടിച്ച് പുതിയ വാര്‍ത്ത എത്തുന്നത്.

related stories