പൊരുതി നേടിയ ആ അഞ്ചു സെന്റ് റദ്ദാക്കി സർക്കാർ; ചിത്രലേഖ വീണ്ടും തെരുവിലേക്ക്

ചിത്രലേഖയുടെ പണിതുകൊണ്ടിരിക്കുന്ന വീട്.

കണ്ണൂർ∙ സിപിഎമ്മിന്റെ പാർട്ടിഗ്രാമത്തിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയ്ക്കു വീടുവയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ അഞ്ചു സെന്റ് ഭൂമി നൽകിയത് എൽഡിഎഫ് സർക്കാർ റദ്ദാക്കി. ചിറയ്ക്കൽ പഞ്ചായത്തിൽ യു‍ഡിഎഫ് സർക്കാർ രണ്ടു വർഷം മുൻപു സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കുന്നതായി റവന്യൂ അ‍ഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ ഉത്തരവ് ഇന്നു ചിത്രലേഖയ്ക്കു ലഭിച്ചു.

സന്നദ്ധ സംഘടനയുടെ സഹായത്തോടെ അഞ്ചു സെന്റിൽ വീടു പണി പൂർത്തിയാവാനിരിക്കെയാണു സർക്കാരിന്റെ ഇരുട്ടടി. സ്വാശ്രയ മെഡിക്കൽ കോളജിൽ ലക്ഷങ്ങൾ കോഴ നൽകി അനധികൃതമായി പ്രവേശനം നേടിയ സമ്പന്നരെ സഹായിക്കാൻ പ്രത്യേക നിയമം തന്നെ നിർമിച്ച സർക്കാർ, ഒരു ദരിദ്ര ദലിത് കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നതു ലജ്ജാവഹമെന്നു ചിത്രലേഖ പറഞ്ഞു. പയ്യന്നൂർ എടാട്ട് സ്വദേശിനിയായ ചിത്രലേഖ 2004ലാണ് എടാട്ട് ഓട്ടോറിക്ഷാ സ്റ്റാൻഡിൽ ഓട്ടോ ഓടിച്ചു തുടങ്ങിയത്.

ചിത്രലേഖയുടെ പോരാട്ടം ആസ്പദമാക്കി ബോളിവുഡ് സിനിമയ്ക്കു തിരക്കഥയെഴുതുന്ന ബ്രിട്ടിഷ് ചലച്ചിത്ര പ്രവർത്തകൻ ഫ്രെയ്സർ സ്കോട്ട് കഴിഞ്ഞ മാസം ചിത്രലേഖയെയും ഭർത്താവിനെയും കണ്ണൂരിൽ സന്ദർശിച്ചപ്പോൾ.

സിപിഎം–സിഐടിയു പ്രവർത്തകരുടെ എതിർപ്പിനെ തുടർന്നു ജോലി പല തവണ അവസാനിപ്പിക്കേണ്ടി വന്നു. ഒരിക്കൽ ചിത്രലേഖയുടെ ഓട്ടോ തീവച്ചു നശിപ്പിക്കുക വരെ ചെയ്തു. സുഹൃത്തുക്കളും പൗരാവകാശ പ്രവർത്തകരും പിരിവെടുത്തു വാങ്ങിക്കൊടുത്ത പുതിയ ഓട്ടോയും നശിപ്പിക്കപ്പെട്ടു. വീടു കയറി ആക്രമണവുമുണ്ടായി. എടാട്ട് താമസിക്കാനോ തൊഴിലെടുക്കാനോ കഴിയാതായ സാഹചര്യത്തിൽ 2014–15ൽ നാലു മാസത്തോളം കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുടിലുകെട്ടി ചിത്രലേഖ രാപകൽ സമരം നടത്തി. പിന്നീടു തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുൻപിലും ആഴ്ചകളോളം സമരം നടത്തിയതിനെ തുടർന്നാണ് 2016 മാർച്ചിൽ അന്നത്തെ യുഡിഎഫ് സർക്കാർ ചിറയ്ക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ അഞ്ചു സെന്റ് അനുവദിച്ചത്.

വീടുവയ്ക്കാൻ അഞ്ചു ലക്ഷം കൂടി നൽകുമെന്നും പറഞ്ഞിരുന്നുവെങ്കിലും പിന്നീടു വന്ന എൽഡിഎഫ് സർക്കാർ ആ തീരുമാനം റദ്ദാക്കി. കെ.എം.ഷാജി എംഎൽഎയുടെയും അബൂദാബിയിലെ മുസ്‌ലിം ലീഗ് കൂട്ടായ്മയായ ഗ്രീൻവോയ്സിന്റെയും സഹായത്തോടെ അഞ്ചു സെന്റിൽ വീടു പണി പൂർത്തിയാവാറായിട്ടുണ്ട്. 

എടാട്ട് ആറു സെന്റ് ഭൂമി ചിത്രലേഖയ്ക്കു സ്വന്തമായുണ്ടെന്നതാണു ഭൂമിദാനം റദ്ദാക്കാൻ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്ന കാരണം. എന്നാൽ, എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മയ്ക്കു സർക്കാരിൽനിന്നു പതിച്ചു കിട്ടിയതാണെന്നും, അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു.

ഇനിയും ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ സഖാവ് പിണറായി എന്നെയും കുടുംബത്തെയും കൊന്നു പച്ചയ്ക്കു തിന്നുന്നതാണു നല്ലത് എന്നും ചിത്രലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.

അനാരോഗ്യം മൂലം ചിത്രലേഖ ഇപ്പോൾ ഓട്ടോ ഓടിക്കുന്നില്ല. ഭർത്താവ് ശ്രീഷ്കാന്ത് കണ്ണൂർ ടൗണിൽ ഓട്ടോ ഡ്രൈവറാണ്. കാട്ടാമ്പള്ളിയിൽ വാടക വീട്ടിലാണു താമസം.