Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് മാന്യത വിടരുത്; സെൻകുമാറിന്റെ നിർദേശം നടപ്പാക്കില്ല: പിണറായി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം∙ ജനമൈത്രി പൊലീസിനെ പിന്തുണച്ചും മുൻ‍ ഡിജിപി ടി.പി.സെൻകുമാറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായമായവരെ പരിചരിക്കേണ്ടെന്ന പഴയ പൊലീസ് മേധാവിയുടെ പ്രതികരണം കണ്ടു. ജനമൈത്രി പദ്ധതിയൊന്നും പൊലീസിന്റെ പണിയല്ലെന്ന മുൻ മേധാവിയുടെ പ്രതികരണത്തിന്റെ അർഥം പിടികിട്ടുന്നില്ല. ജനമൈത്രി പൊലീസ് പദ്ധതികൾ സേനയുടെ കരുത്തു കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനദിനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം മനോരമ ന്യൂസിനോടു പ്രതികരിക്കുമ്പോൾ ജനമൈത്രി പൊലീസ് ഉന്നതരുടെ പ്രതിച്ഛായ കൂട്ടാൻ മാത്രമേ ഉപകരിക്കൂവെന്ന് മുന്‍ ഡിജിപി ടി.പി.സെൻകുമാർ പറഞ്ഞിരുന്നു. ഇതിനോടാണു ഉദ്ഘാടനപ്രസംഗത്തിലൂടെ മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം

പൊലീസിന്റെ പെരുമാറ്റം നന്നാകണം. ഏതു ഘട്ടത്തിലും മാന്യത കൈവിടാൻ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം. പൊലീസിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം നൽകും.  – മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ യഥാർഥ ഡ്യൂട്ടി മറികടന്നുള്ള ക്ഷേമപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാണ് ടി.പി.സെൻകുമാർ മനോരമ ന്യൂസിനോട് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജനമൈത്രി പൊലീസിനെ എതിർക്കുന്നു. അതല്ല പൊലീസിന്റെ ഡ്യൂട്ടി. 90 ശതമാനം പൊലീസുകാരും ഈ അഭിപ്രായമുള്ളവരാണ്. യഥാർഥ ഡ്യൂട്ടിക്ക് അപ്പുറമുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തുമ്പോൾ ക്രമസമാധാനവും അന്വേഷണവും നടത്താൻ പൊലീസിനു സമയമില്ലാതെ വരും. അങ്ങനെ വരുമ്പോൾ മുന്നിലെത്തുന്ന നിസ്സഹായരോടു പൊലീസ് മോശമായി പെരുമാറുമെന്നും സെൻകുമാർ പറഞ്ഞിരുന്നു.

ജനമൈത്രിക്കു നൽകിയ പകുതി തുകയെങ്കിലും പൊലീസ് സ്റ്റേഷനിൽ അനുവദിച്ചിരുന്നെങ്കിൽ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാമായിരുന്നു. മൃതദേഹത്തെ മറയ്ക്കാനുള്ള തുണിക്കുള്ള കാശുപോലും നാട്ടുകാരിൽനിന്നു വാങ്ങേണ്ട ഗതികേടിലാണു പൊലീസ്. കേസുകളുടെ എണ്ണം തികയ്ക്കാൻ പൊലീസുകാർക്കു ടാർഗറ്റുണ്ട്. ഇത്ര കേസ് പിടിക്കാൻ പറയുമ്പോൾ പിന്നെ ഉദ്യോഗസ്ഥർ അതു മാത്രം പിടിക്കാൻ നിർബന്ധിതരാകും. അതോടെ നിരപരാധികൾ പോലും പീഡിപ്പിക്കപ്പെടും. ജില്ലാതലത്തിലാണു ടാർഗറ്റ് നൽകുകയെന്നും മനോരമ ന്യൂസിനോട് സെൻകുമാർ പറഞ്ഞു.