പിഎൻബി തട്ടിപ്പ്: ആർബിഐ മുൻ ഡപ്യൂട്ടി ഗവർണറെ സിബിഐ ചോദ്യം ചെയ്തു

ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) തട്ടിപ്പുമായി ബന്ധപ്പെട്ട് ആർബിഐ മുൻ ഡപ്യൂട്ടി ഗവർണറെ ചോദ്യം ചെയ്തതായി റിപ്പോർട്ട്. 2011 – 2016 കാലയളവിൽ റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായിരുന്ന ഹരുൺ റാഷിദ് ഖാനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നു നടത്തിയ 13,500 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ‌.

റാഷിദ് ഖാൻ ഡപ്യൂട്ടി ഗവർണറായിരുന്ന സമയത്തു നടന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റുകളിലുണ്ടായ വീഴ്ചയാണു പിഎൻബി അഴിമതി പുറത്തുവരാതിരുന്നതിനു പിന്നിലെന്നാണു വിലയിരുത്തൽ. ഇതിനായി ബാങ്കുകളിലെ സ്വിഫ്റ്റ് മെസേജിങ് സിസ്റ്റം ദുരുപയോഗം ചെയ്തുവെന്നാണ് സിബിഐയുടെ നിഗമനം. നേരത്തെ ആർബിഐയിലെ മൂന്നു ചീഫ് ജനറൽ മാനേജർമാരടക്കം നാലുപേരെ സിബിഐ ചോദ്യം ചെയ്തിരുന്നു.