ഷുഹൈബ് കുടുംബസഹായ ഫണ്ട്: പണം നൽകിയത് നാല് ഡിസിസികൾ മാത്രം

കണ്ണൂർ∙ മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസ് സമാഹരിച്ച കുടുംബസഹായ നിധിയിലേക്കു പണം നൽകിയത് കണ്ണൂരിനു പുറമെ മൂന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ മാത്രം. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ഡിസിസികളാണു പണം കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തിനു കൈമാറിയത്. 

എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും ഫണ്ട് പിരിക്കാൻ ആദ്യഘട്ടത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും ഇതിനിടെ കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്ര പ്രഖ്യാപിച്ചു. യാതയ്ക്കിടെ ഓരോ ബൂത്തു കമ്മിറ്റിക്കും പ്രവർത്തനഫണ്ടിനുള്ള ക്വാട്ടയും നിശ്ചയിച്ചു. ഇതോടെയാണ് മറ്റു ജില്ലകൾ ഷുഹൈബ് കുടുംബസഹായഫണ്ട് പിരിവിൽ നിന്നു പിന്മാറിയത്. 

ഷുഹൈബ് കുടുംബസഹായനിധിയിലേക്ക് ആകെ 91.5 ലക്ഷം രൂപയാണ് കോൺഗ്രസ് സമാഹരിച്ചത്. ഇതിൽ 79.14 ലക്ഷവും കണ്ണൂർ ഡിസിസി പിരിച്ചെടുത്തതാണ്. കോഴിക്കോട് ഡിസിസി 20 ലക്ഷവും തിരുവനന്തപുരം നാലു ലക്ഷവും മലപ്പുറം 1.36 ലക്ഷം രൂപയും സംഭാവന ചെയ്തു. ഇതിനു പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അഞ്ചുലക്ഷം രൂപയും പിരിച്ചെടുത്ത് കണ്ണൂർ ഡിസിസിക്ക് കൈമാറി.

കുടുംബസഹായ ഫണ്ട് കണ്ണൂരിൽ ഷുഹൈബിന്റെ കുടുംബത്തിനു കൈമാറും. ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഷുഹൈബിനൊപ്പം പരുക്കേറ്റ നൗഷാദിനും ഒരു ലക്ഷം റിയാസിനും നൽകും. ബാക്കിയുള്ള 85 ലക്ഷം രൂപയിൽ 65 ലക്ഷമാണ് ഇന്നു കൈമാറുക. കോഴിക്കോട് ഡിസിസി സമാഹരിച്ച 20 ലക്ഷം രൂപ അടുത്ത ദിവസം കൈമാറും. ഷുഹൈബിന്റെ പിതാവിന്റെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുക.