Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടുകയറി ആക്രമിച്ചത് വേറൊരു ശ്രീജിത്: പൊലീസിനെതിരെ വെളിപ്പെടുത്തൽ

Vineesh-and-Sreejith വാസുദേവന്റെ മകൻ വിനീഷ്, കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത്

വരാപ്പുഴ∙ വീടുകയറി ആക്രമിച്ചതു വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് അല്ലെന്നു വെളിപ്പെടുത്തൽ. ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകൻ വിനീഷാണു നിർണായക മൊഴി നൽകിയത്. വീട്ടിൽ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വർഷങ്ങളായി തനിക്ക് അറിയാം. ശ്രീജിത്ത് സുഹൃത്തും ഒരുമിച്ചു ജോലിക്കുപോകുന്ന ആളുമാണ്. അന്നുരാവിലെ താൻ ശ്രീജിത്തിന്റെ വീട്ടിൽ പോയിരുന്നു. വീട്ടിൽ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരൻ സജിത്തോ അല്ലെന്നും വിനീഷ് പറഞ്ഞു.

പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതിൽ ആറുപേരെ കണ്ടാൽ അറിയാം. ഇവരുടെ പേരാണു പൊലീസിൽ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് കൂട്ടിച്ചേർത്തു. വീടുകയറിയുള്ള ആക്രമണത്തെ തുടർന്നു വിനീഷിന്റെ പിതാവ് വരാപ്പുഴ കുളമ്പുകണ്ടത്തിൽ വാസുദേവൻ (55) ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടർന്നു വൻജനരോഷം ഉയർന്നതോടെയാണു വീട്ടുകാരുടെ മൊഴിയനുസരിച്ചു പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, അക്രമി സംഘത്തിലുണ്ടായിരുന്ന ശ്രീജിത്തിനെയല്ല കസ്റ്റഡിയിൽ എടുത്തതെന്നുള്ള മൊഴിയോടെ പൊലീസ് പ്രതിക്കൂട്ടിലായി.