ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവൻ പിടിയിൽ

അറസ്റ്റിലായ ദിനേഷ് ലാൽ

കൊച്ചി∙ ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയുടെയും കാമുകന്റെയും ക്വട്ടേഷനെടുത്ത ഗുണ്ടാത്തലവനെ വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം കിളികൊല്ലൂർ കാട്ടുപുറത്ത് ദിനേഷ്‌ലാലാ(വാവച്ചി)ണു അറസ്റ്റിലായത്. വടക്കൻ പറവൂർ ഗോതുരുത്തു സ്വദേശിയെ കൊലപ്പെടുത്താൻ ക്വട്ടേഷനെടുത്ത ദിനേഷ്‍‌ലാലും സംഘവു 2016 ഏപ്രിൽ 27നു ഗോതുരുത്തിലെ വീട്ടിലെത്തി ആളുമാറി സഹോദരനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ഗുണ്ടാസംഘത്തെ തിരികെ അക്രമിച്ചതോടെ ഗുണ്ടാസംഘം വിരണ്ടോടി. ഗോതുരുത്തു സ്വദേശിയുടെ ഭാര്യയും ഗൾഫിലുള്ള കാമുനുമാണു പ്രതികൾക്കു ക്വട്ടേഷൻ കൊടുത്തത്.

പിന്നീട് ഒളിവിൽ പോയ ദിനേഷ്‌ലാൽ പല തവണ വീടുകൾ മാറി ഒളിവിൽ താമസിക്കുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പറും അടിക്കടി മാറ്റിയിരുന്നു. റൂറൽ എസ്പി: എ.വി.ജോർജിന്റെ മേൽനോട്ടത്തിൽ വടക്കേക്കര ഇൻസ്പെക്ടർ എം.കെ. മുരളി, എസ്ഐ: ഷോജോ വർഗീസ്, സീനിയർ സിപിഒ: സുരേഷ്ബാബു, സിപിഒമാരായ സി.ആർ. ബിജു, ബെൻസി എന്നിവരാണു പ്രതിയെ പിടികൂടിയത്.

പുനലൂർ, കിളികൊല്ലൂർ, കൊല്ലം മേഖലയിൽ പല ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്, രാഷ്ട്രീയ നേതാവ് കലയനാട് ബിജു, കണ്ടെയ്നർ സന്തോഷ് എന്നിവരെ വെട്ടിപരുക്കേൽപ്പിച്ച കേസുകളിലും പ്രതിയാണ്. ഗുണ്ടാനിയമപ്രകാരവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.