സമരം നടത്തുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് സർക്കാർ – ചിത്രങ്ങൾ

കാസർകോട് ജനറൽ ആശുപത്രിയിലെ അടച്ചിട്ടിരിക്കുന്ന ഒപി. ചിത്രം: രാഹുൽ ആർ.പട്ടം

തിരുവനന്തപുരം∙ ഒപി സമയം കൂട്ടിയതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ. സമരം നിയമവിരുദ്ധമാണ്, പണിമുടക്ക് അനുമതിയില്ലാത്ത അവധിയായി കണക്കാക്കും. നടപടിക്കു നിർദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കുലറിറക്കി.

സർക്കാർ ഡോക്ടർമാരുടെ ഒപി ബഹിഷ്ക്കരണത്തെ തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഒപി അടച്ചിട്ടിരിക്കുന്നു. ചിത്രം: റെജു അർണോൾഡ്

നേരത്തേ വീട്ടിൽ പോയി നടത്തുന്ന സ്വകാര്യ ചികിത്സയ്ക്കു തടസ്സം വരുമോ എന്ന ചില ഡോക്ടർമാരുടെ ഭയമാണ് ഒപി സമയം നീട്ടിയതിനെതിരായ സമരത്തിനു പിന്നിലെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഗവ. ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളോടുള്ള ഉത്തരവാദിത്തം കണക്കിലെടുത്തു മിക്ക ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കുന്നില്ല. എല്ലാ ഡോക്ടർമാരും സമരത്തിൽ നിന്നു പിന്മാറുമെന്നാണു പ്രതീക്ഷ. പാലക്കാട് കുമരംപുത്തൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കു രണ്ടു മുതൽ വൈകിട്ട് ആറു വരെ ഒപിയിൽ ഉണ്ടാവണമെന്ന നിർദേശം അനുസരിക്കാതിരുന്നതിനാണു ഡോക്ടറെ സസ്പെൻഡ് ചെയ്തത്.

കണ്ണൂരിൽ വിധവകളുടെ പരിശീലന പരിപാടിയുടെ സമാപനവും സ്വയം തൊഴിൽ വായ്പാ മേളയും മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

രോഗികളെ ചികിത്സിക്കാതെ ധിക്കാരം കാണിച്ച ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ ആരോഗ്യവകുപ്പ് പിന്നെ എന്തിനാണ്? ദിവസം അഞ്ഞൂറു രോഗികൾ വരുന്ന ഒപികളിൽ വരെ രണ്ടോ മൂന്നോ ‍ഡോക്ടർമാർ മാത്രമുള്ളപ്പോൾ, ദിവസം ശരാശരി 170 പേർ മാത്രമെത്തുന്ന കുമരംപുത്തൂരിൽ നാലു ഡോക്ടർമാരുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമരം ചെയ്യുന്നവർക്കു തക്ക ശിക്ഷയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

വലഞ്ഞ് രോഗികൾ

തൊടുപുഴ ജില്ലാ ആശുപത്രി ഒപിക്കു മുന്നിലെ കാഴ്ച. ചിത്രം: അരവിന്ദ് ബാല

തിരുവനന്തപുരം∙ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരത്തിൽ വലഞ്ഞ് രോഗികൾ. വ്യാഴാഴ്ച രാത്രി വൈകിയാണ് സമര പ്രഖ്യാപനം വന്നത്. ഇതിനാൽ മിക്ക രോഗികളും അറിഞ്ഞില്ല. ആശുപത്രിയിൽ എത്തിയശേഷമാണ് മിക്കവരും അറിഞ്ഞത്. ഇതും ചെറിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചു. മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണു പണിമുടക്കുന്നത്. ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാൽ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. ജീവനക്കാരെ വര്‍ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വര്‍ധിപ്പിച്ചതിലാണു പ്രതിഷേധം.

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഒപിയ്ക്കു മുന്നിലെ കാഴ്ച. ചിത്രം: എം.ടി.വിധുരാജ്

അധിക ഡ്യൂട്ടി സമയത്തു ഹാജരാകാതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സി.കെ. ജസ്നിയെ സസ്പെന്‍ഡ് ചെയ്തതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണു‍ സമരത്തിനു പിന്നിലെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. അതേസമയം, സമരത്തില്‍ കേരള ഗസറ്റഡ് ഓഫിസ് അസോസിയേഷന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു സനൽ

ഡോക്ടര്‍മാരുടെ സമരമറിയാതെ നൂറോളം പേർ കാസർകോട് ജനറൽ ആശുപത്രി ഒപിയിൽ എത്തി. ഒരു ഡോക്ടറുടെ സേവനം പോലും ഒപിയിലുണ്ടായില്ല. അതേസമയം, അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ കൂടി അധിക സേവനം ലഭിച്ചു. സാധാരണ ഐസിയുവിൽ ഒരാൾ മാത്രമാണ് ഉണ്ടാകാറുള്ളത്. ഒപിയിൽ വന്ന രോഗികളിലെ അത്യാവശ്യക്കാർ അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടി. ആശുപത്രിയിൽ നേരത്തെ കിടത്തിചികിൽസ തേടിയവർക്കായി ഒരു ഡോക്ടറുടെ സേവനം ഉണ്ട്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു സനൽ

മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു മാത്രമായിരിക്കും കിടത്തി ചികില്‍സ നൽകുക. ശനിയാഴ്ച മുതല്‍ കിടത്തി ചികില്‍സയും നിര്‍ത്തും. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനഃക്രമീകരിച്ചിരുന്നു. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണു ഡോക്ടര്‍മാരുടെ പരാതി. ഉച്ചയ്ക്ക് ഒന്നര മുതല്‍ ആറുവരെയുള്ള ജോലിസമയത്തു ഹാജരാകാതിരുന്നതിനാലാണ് പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ സി.കെ. ജസ്നിയെ സസ്പെന്‍ഡ് ചെയ്തത്.

കാസർകോട് ജനറൽ ആശുപത്രിയിലെ അടച്ചിട്ടിരിക്കുന്ന ഒപി. ചിത്രം: രാഹുൽ ആർ.പട്ടം

ഒപി സമയം കൂട്ടിയ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെന്നു പറഞ്ഞ ആരോഗ്യമന്ത്രി ജോലിഭാരം കൂടിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡോക്ടര്‍മാരുടെ നീക്കത്തിനെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു സനൽ
കാസർകോട് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലെ തിരക്ക്. ചിത്രം: രാഹുൽ ആർ.പട്ടം
ഡോക്ടർമാരുടെ സമരത്തെത്തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലെ ഓർത്തൊ വിഭാഗം പരിശോധന മുറി ആളൊഴിഞ്ഞ നിലയിൽ ചിത്രം: രാജൻ എം.തോമസ്
കൊല്ലം ജില്ലാ ആശുപത്രിയിലെ ഒപി വിഭാഗം കൗണ്ടറിലെ തിരക്ക്. ചിത്രം: രാജൻ എം.തോമസ്
എറണാകുളം ജനറൽ ആശ്രുപത്രിയിൽ ഡോക്ടർമാരുടെ സമരത്തെ തുടർന്നുള്ള തിരക്ക്. ചിത്രം: ഇ.വി.ശ്രീകുമാർ
എറണാകുളം ജനറൽ ആശ്രുപത്രിയിൽ ഡോക്ടർമാരുടെ സമരത്തെ തുടർന്നുള്ള തിരക്ക്. ചിത്രം: ഇ.വി.ശ്രീകുമാർ
എറണാകുളം ജനറൽ ആശ്രുപത്രിയിൽ ഡോക്ടർമാരുടെ സമരത്തെ തുടർന്നുള്ള തിരക്ക്. ചിത്രം: ഇ.വി.ശ്രീകുമാർ