Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യമായി അമർഷം പ്രകടിപ്പിച്ച് മന്ത്രി; ചർച്ചയ്ക്ക് പിന്നാലെ സമരം പിൻവലിച്ച് ഡോക്ടർമാർ

Doctors Strike ആരോഗ്യമന്ത്രി കെ.കെ.ശൈലജ

കണ്ണൂർ∙ സർക്കാർ ഡോക്ടർമാരും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും തമ്മിലുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാർ സമരം പിൻവലിച്ചു. മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്എച്ച്സി) വൈകിട്ട് ആറു വരെ ഒപി ആകാമെന്നു കെജിഎംഒഎ അറിയിച്ചു. ‘ആർദ്രം’ പദ്ധതിയുമായി സർക്കാർ ഡോക്ടർമാർ സഹകരിക്കും. ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം സംവിധാനം ഒരുക്കാനും ചർച്ചയിൽ തീരുമാനമായി.

Doctors-Strike-Kottayam ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ചികിത്സ കിട്ടാത്ത രോഗികളിലൊരാൾ കാത്തിരിപ്പു ബെഞ്ചിൽ കിടന്നു മയങ്ങിയപ്പോൾ. കോട്ടയത്തുനിന്നൊരു ദൃശ്യം. ചിത്രം: റോക്കി ജോർജ് ∙ മനോരമ

സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പും മന്ത്രി ചർച്ചയിൽ പ്രകടിപ്പിച്ചു. രോഗികൾക്കു ബുദ്ധിമിട്ടുണ്ടാക്കിയതിൽ പരസ്യമായി അമർഷം പ്രകടിപ്പിച്ച മന്ത്രി മേലില്‍ മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങരുതെന്നും ഡോക്ടർമാര്‍ക്കു നിർദേശം നൽകി. സസ്പെൻഷനിലായവരെ തിരിച്ചെടുക്കാനും തീരുമാനമായി. ഇവർ മാപ്പെഴുതി നൽകണമെന്നും മന്ത്രി വ്യക്തമാക്കി. നാലു ദിവസമായി നടത്തിവന്നിരുന്ന സമരമാണ് ഇതോടെ കെജിഎംഒഎ പിന്‍വലിച്ചത്. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചു ഡോക്ടർമാരെ നിയമിച്ചാലേ വൈകിട്ട് ആറു വരെ ജോലിയെടുക്കാനാകൂ എന്നു പ്രഖ്യാപിച്ചാണു ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്.

പ്രധാന തീരുമാനങ്ങള്‍

1. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം വരെയുള്ള ഒപിയുമായി സഹകരിക്കും

2. ഈ കേന്ദ്രങ്ങളില്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെ ഉറപ്പ് വരുത്തും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ കുടുബാരോഗ്യ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തന്നെ മൂന്ന് ഡോക്ടര്‍മാരുണ്ട്. ഇനിയുള്ള കേന്ദ്രങ്ങളിലും അത് ഉറപ്പുവരുത്തും.

3. ഇവര്‍ ലീവെടുക്കുന്ന ദിവസങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.

4. രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍നിന്നു പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യം സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.

5. ആര്‍ദ്രം മിഷന്റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ച് കെജിഎംഒഎ പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.

6. അനധികൃതമായി ജോലിയില്‍ പ്രവേശിക്കാത്ത കാരണം കൊണ്ടു സസ്‌പെന്റ് ചെയ്ത ഡോക്ടര്‍ വിശദീകരണം നല്‍കിയാല്‍ നടപടി ഒഴിവാക്കും

Doctors Strike ഡോക്ടറുമാരുടെ സമരത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ അനുഭവപ്പെടുന്ന തിരക്ക്. ചിത്രം: ജിൻസ് മൈക്കിൾ

7. അവിചാരിതമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ മിന്നല്‍ സമരത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്കു ശേഷമാണു മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയ്ക്കു തുടക്കം കുറിച്ചത്. മന്ത്രിയ്ക്കു പുറമേ പ്രൈവറ്റ് സെക്രട്ടറി പി. സന്തോഷ്, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരാണു സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ്, സെക്രട്ടറി ഡോ. ജിതേഷ്, മുൻ ഭാരവാഹി ഡോ. ശശിധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ചർച്ചയ്ക്കു തയാറാണെന്ന് കെജിഎംഒഎ നേരത്തേ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ, സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയ്ക്കു തയാറുള്ളൂവെന്ന നിലപാടിനു മന്ത്രിയും മാറ്റം വരുത്തുകയായിരുന്നു. ചൊവ്വാഴ്ച സിപിഎം പാർട്ടി കോൺഗ്രസിനായി ഹൈദരാബാദിലേക്കു പോകുന്ന ആരോഗ്യമന്ത്രി ഇനി ഒരാഴ്ചയ്ക്കു ശേഷമേ തിരിച്ചെത്തൂ. അത്രയും സമയം സമരം നീട്ടിക്കൊണ്ടു പോകുന്നതു ശരിയാവില്ലെന്നും ഡോക്ടർമാരും വിലയിരുത്തി. ഇതാണ് അടിയന്തര ചർച്ചയ്ക്കു കളമൊരുക്കിയത്.

മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍(എഫ്എച്ച്സി) ആറുമണി വരെ ഒപി ആകാമെന്ന നിലപാട് ഡോക്ടർമാർ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ചർച്ചയ്ക്കുമുൻപേ രേഖാമൂലം ഉറപ്പു നൽകിയിരുന്നു. ആലപ്പുഴ ഡിപിഎം ഡോ. അരുൺ, കോഴിക്കോട് ഡിപിഎം ഡോ. ബിജോയ്, എറണാകുളം ഡിപിഎം ഡോ. മാത്യൂസ് നമ്പേരി എന്നിവരാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.