യോഗി എല്ലാം ഒറ്റയ്ക്കു തീരുമാനിക്കുന്നു: അതൃപ്തിയുമായി ആർഎസ്എസ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നാണു വിമർശനം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നും ആര്‍എസ്എസ് ആരോപിക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ വിശദീകരണം തേടി.

യോഗിയുടെ തീരുമാനങ്ങളില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അതൃപ്തി പുകയുന്ന പശ്ചാത്തലത്തിലാണു രണ്ട് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ പ്രശ്നപരിഹാരത്തിനായി യുപിയിലെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായി ആര്‍എസ്എസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണു മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു.

കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുന്ന തീരുമാനം ആഭ്യന്തരവകുപ്പിന്‍റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നു കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

സംസ്ഥാനത്തെ ബിജെപി നേതൃത്വവും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയിലാണ്. ഗോരഖ്പൂരിലെ മഠം സ്ഥിതിചെയ്യുന്ന വാര്‍ഡും ലോക്സഭാ മണ്ഡലവും നഷ്ടമായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്കു മാത്രമാണെന്നും പ്രവർത്തന ശൈലി ഏകപക്ഷീയമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.