ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ: പ്രാണേഷ് കുമാറിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു

ഗോപിനാഥൻ പിള്ള

ആലപ്പുഴ∙ ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ്കുമാറിന്റെ (ജാവേദ്) പിതാവ് ചാരുംമൂട് താമരക്കുളം കൊട്ടയ്ക്കാട്ട്ശേരിൽ മണലാടി തെക്കതിൽ ഗോപിനാഥൻപിള്ള (78) വാഹനാപകടത്തിൽ‌ മരിച്ചു. ചേർത്തല വയലാറിൽ ഏപ്രിൽ 11നു രാവിലെ ആറരയോടെയായിരുന്നു അപകടം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപിനാഥൻ പിള്ള വെള്ളിയാഴ്ച രാവിലെയാണു മരിച്ചത്.

ഗോപിനാഥൻപിള്ളയുടെ സഹോദരൻ ഓടിച്ച കാറിൽ അമ‍ൃത ആശുപത്രിയിൽ പരിശോധനയ്ക്ക് പോകുകയായിരുന്നു. ഇദ്ദേഹത്തെ നേരത്തേ ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. മഴ പെയ്തു കിടന്നിരുന്ന റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിർവശത്തെ ലെയ്‌നിലേക്കു തെന്നി മാറി. മറുവശത്തു നിന്നു വന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. പട്ടണക്കാട് പൊലീസ് കേസെടുത്തു.

ഗുജറാത്തിലെ ഗാന്ധിനഗറിൽ 2004 ജൂൺ 15നായിരുന്നു പ്രാണേഷ്കുമാർ വെടിയേറ്റ് മരിച്ചത്. പ്രാണേഷ്കുമാർ ഉൾപ്പെ‌ടെ നാലു പേരെ തീവ്രവാദികളെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഈ കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവരെ പ്രതിയാക്കി മകന്റെ‌ നിരപരാധിത്വം തെളിയിക്കുന്നതിനായി കേസ് നടത്തിവരവെയാണു ഗോപിനാഥൻപിള്ളയുടെ അന്ത്യം.

മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതയായ സരസ്വതി ഭായിയാണ് ഗോപിനാഥൻ പിള്ളയുടെ ഭാര്യ. പ്രാണേഷ് കുമാറിന്റെ ഭാര്യ സാജിദ, മൂത്തമകൻ സാജിദ് എന്നിവർ ആശുപത്രിയിലുണ്ട്.