അയർലൻഡിൽ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം ഇന്നു വിട്ടുകിട്ടിയേക്കും

അയർലൻഡിൽ കാറിടിച്ചു മരിച്ച സിനിയുടെ മൃതദേഹം കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചാപ്പലിലെത്തിച്ചപ്പോൾ വൈദികർ പ്രാർഥന നടത്തുന്നു. (ഇൻസെറ്റിൽ സിനി)

കോട്ടയം ∙ അയർലൻഡിലെ കോർക്കിൽ കാറിടിച്ചു മരിച്ച മലയാളി നഴ്സ് കുറിച്ചി കൊച്ചില്ലത്തായ വട്ടംചിറയിൽ പി.സി. ചാക്കോയുടെ (അച്ചൻകുഞ്ഞ്) മകൾ സിനി ചാക്കോയുടെ (27) മൃതദേഹം ഇന്ന് എംബസി നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടിയേക്കും. ഇൗ ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ.

ഇപ്പോൾ അയർലൻഡിലുള്ള മാതാപിതാക്കളും സഹോദരനും ബുധനാഴ്ചയോടെ നാട്ടിലെത്തും. വ്യാഴാഴ്ച സിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ. സംസ്കാരം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു നടക്കുക. സംസ്കാര സമയം ഇനിയും നിശ്ചയിച്ചിട്ടില്ല.

കോർക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു സിനി. മാർച്ച് 14നു രാത്രി ജോലി കഴിഞ്ഞു സമീപത്തെ താമസ സ്ഥലത്തേക്കു നടന്നു പോകുന്നതിനിടെയാണ് അപകടം. ഒരു മാസത്തോളം വെന്റിലേറ്ററിലായിരുന്ന സിനി കഴിഞ്ഞ വ്യാഴാഴ്ചയാണു മരിച്ചത്. ഒക്ടോബർ അവസാനമാണു ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സ്റ്റാഫ് നഴ്സായിരുന്ന സിനി അയർലൻഡിൽ എത്തിയത്.