മക്ക മസ്ജിദ് സ്ഫോടനം: പ്രതികളെ വെറുതെവിട്ട ജഡ്ജി രാജിവച്ചു

സ്വാമി അസീമാനന്ദ്, മക്ക മസ്ജിദിൽ സ്ഫോടനമുണ്ടായശേഷം പൊലീസ് സുരക്ഷയൊരുക്കുന്നു (ഫയൽ ചിത്രം)

ഹൈദരാബാദ്∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധിപറഞ്ഞ എൻഐഎ കോടതി ജഡ്ജി രാജിവച്ചു. എൻഐഎ കേസുകളിൽ വിധിപറയുന്ന പ്രത്യേക ജഡ്ജി കെ. രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. വിധി പ്രസ്താവവുമായി തന്റെ രാജിക്കു ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2007 മേയ് 18ന് ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന സ്ഫോടനത്തിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരെയും തിങ്കളാഴ്ച കുറ്റവിമുക്തരാക്കി ജഡ്ജി വിധി പറഞ്ഞിരുന്നു. സ്വാമി അസീമാനന്ദും കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

10 പ്രതികളില്‍ സ്വാമി അസീമാനന്ദ അടക്കം അഞ്ചുപേരാണു വിചാരണ നേരിട്ടത്. ഒൻപതുപേർ കൊല്ലപ്പെട്ട സ്ഫോടത്തിൽ 50ൽ അധികംപേർക്കു പരുക്കേറ്റിരുന്നു. 11 വർഷത്തിലേറെനീണ്ട കുറ്റവിചാരണയുടെ അവസാന വിധിക്ക് ഏതാനും മിനിറ്റുകളേ വേണ്ടിവന്നുള്ളൂ. പ്രതികളുടെ കുറ്റം തെളിയിക്കാൻ എൻഐഎയ്ക്കു സാധിച്ചില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

കേസ് അന്വേഷിക്കുന്ന എൻഐഎ ഓഫിസർ ഇൻ ചാർജായ പ്രതിഭാ അംബേദ്കറെ രണ്ടാഴ്ച മുൻപ് പൊടുന്നനെ നീക്കിയിരുന്നു.

അതേസമയം, വിധി പറഞ്ഞ ജഡ്ജി രാജിവച്ചത് താൽപര്യമുളവാക്കുന്നതാണെന്നും വിധി തീരുമാനത്തിൽ അദ്ഭുതപ്പെടുന്നതായും എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസാസുദ്ദീൻ ഒവൈസി ട്വീറ്റ് ചെയ്തു.

ചാർമിനാറിനു സമീപമുള്ള ചരിത്രപ്രസിദ്ധമായ മക്ക മസ്‌ജിദിൽ വെള്ളിയാഴ്ച നടന്ന മധ്യാഹ്ന പ്രാർഥനയ്‌ക്കിടെ നടന്ന ആർഡിഎക്‌സ് ബോംബ് സ്‌ഫോടനത്തിൽ ഒൻപതു പേരും പിന്നീടു ക്ഷുഭിതരായ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസ് നടത്തിയ വെടിവയ്‌പിൽ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിൽ കുട്ടികളടക്കം അൻപതോളം പേർക്കാണ് പരുക്കേറ്റത്. ആയിരങ്ങൾ പങ്കെടുത്ത പ്രാർഥന നടക്കുന്നതിനിടയിൽ ഒരു ടിഫിൻ ബോക്‌സിൽ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണു പൊട്ടിയത്. സെൽഫോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. വിവരമറിഞ്ഞെത്തിയ പൊലീസ് മസ്‌ജിദ് വളപ്പിൽ നടത്തിയ തിരച്ചിലിൽ പൊട്ടാത്ത മൂന്നു ബോംബുകൾ കണ്ടെടുത്തു നിർവീര്യമാക്കി. അവ കൂടി പൊട്ടിയിരുന്നെങ്കിൽ ദുരന്തം ഏറെ വലുതാകുമായിരുന്നു.