ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങവെ അപകടം; ഏഴുവയസ്സുകാരി മരിച്ചു

പത്തനംതിട്ട∙ ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നവർ സഞ്ചരിച്ചിരുന്നവർ ഓട്ടോ അപകടത്തിൽപ്പെട്ട് ഏഴു വയസ്സുകാരി മരിച്ചു. ഇലവുങ്കലിനടുത്തുവച്ചാണ് അപകടം. മലയാലപ്പുഴ താഴം ശ്രീജിത്ത് ഭവനിൽ വിജീഷിന്റെ മകൾ അനഘയാണു മരിച്ചത്. മേക്കൊഴൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. വിജീഷ് (40), ഭാര്യ ശ്രീജ(37), മകൾ അമൃത (06), ഡ്രൈവർ കുളത്തിങ്കൽ ശശികുമാർ (45) എന്നിവർക്കു പരുക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജയെയും അമൃതയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.

അപകടത്തിൽപ്പെട്ട ഇവരെ വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഏറെ നേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാനായത്. എത്തിക്കുമ്പോഴും അനഘയയ്ക്കു ജീവനുണ്ടായിരുന്നു. എത്തിയ ശേഷമാണു മരണം. രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും പല വാഹനങ്ങൾ നിർത്തിയില്ല. ഒടുവിൽ നിർത്തിയ കാർ ഇവരെ കയറ്റി പാതിവഴിയിൽ പെരുനാടിനു സമീപമെത്തിയപ്പോൾ കേടുവന്നു. തുടർന്ന് ഒരു ഓട്ടോയിലാണു പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്.