‘ചുവപ്പ് പൊലീസുകാരെ’ കണ്ടുചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്ക ലംഘനത്തിനു കൂട്ടുനില്‍ക്കുന്നു: ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടി.

തിരുവനന്തപുരം∙ പൊലീസുകാരിൽ അച്ചടക്കം നിലനിര്‍ത്തിയില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരുമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ ചുവന്ന കുപ്പായമിട്ടു വന്നവരെ കണ്ടുചിരിക്കുന്ന മന്ത്രിമാര്‍ അച്ചടക്ക ലംഘനത്തിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന് എന്തുമാകാമെന്ന നില വന്നതാണു വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിനു കാരണമായതെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

കോട്ടയത്തു മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കണ്ണൂരിൽനിന്നുള്ള ഉദ്യോഗസ്ഥരിൽ ചിലരാണു ചുവന്ന ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്തിയത്. സംഘടനാ സ്വാതന്ത്ര്യമുണ്ടെങ്കിലും രാഷ്ട്രീയം പാടില്ലെന്ന നിയമമാണു ചുവപ്പുവേഷം ധരിച്ചെത്തിയതിലൂടെ പൊലീസുകാർ പരസ്യമായി ലംഘിച്ചത്. സമ്മേളന വേദിയുടെ കവാടത്തിൽ ഒരുമിച്ചുനിന്നു ഫോട്ടോയെടുത്ത് ഇവർ വാട്സാപ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു.

രണ്ടര വര്‍ഷത്തിനിടെ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ പൊലീസ് വാഹനത്തിലും കസ്റ്റഡിയിലും മര്‍ദിച്ചതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിനു നല്‍കിയിട്ടും നടപടിയെടുത്തില്ല. ഈ അംലഭാവമാണു വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ കൊണ്ടെത്തിച്ചത്. സര്‍ക്കാരിന്റെ മനോഭാവം വലിയ അപകടത്തിലേക്കു കേരളത്തെ നയിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.