മുഖ്യമന്ത്രിക്കു സമയമില്ല; അനന്തമായി നീണ്ട് പൊലീസ് ട്രെയിനി പരിശീലനം

പൊലീസിന്റെ പാസിങ് ഔട്ട് പരേഡിൽനിന്ന് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനു സമയമില്ലാത്തതിനാൽ 450 പൊലീസ് ട്രെയിനികളുടെ പരിശീലനം അനന്തമായി നീളുന്നു. തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം എന്നീ ക്യാംപുകളിലെ പൊലീസുകാരാണ് ഈ ദുരിതത്തിൽ. 180 ദിവസമാണ് ഇവരുടെ പരിശീലനം. എന്നാൽ ഇപ്പോൾ പരിശീലനം 215 ദിവസം പിന്നിട്ടു. പരിശീലനം 170 ദിവസം പൂർത്തിയായപ്പോൾ തന്നെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ സമയം തേടി ബറ്റാലിയൻ എഡിജിപി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എന്നാൽ അതിന് ഒരു മറുപടിയും നൽകിയില്ല. പിന്നീടു ഫോണിലും നേരിട്ടുമെല്ലാം ബന്ധപ്പെട്ടപ്പോഴും മുഖ്യമന്ത്രി തിരക്കിലാണെന്ന മറുപടിയാണു ലഭിച്ചത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ഇക്കാര്യം വീണ്ടും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽ ചോദിക്കാനും ധൈര്യമില്ല. അതിനാൽ ഇപ്പോൾ ഇവരുടെ പരിശീലനം അന്തമായി നീളുകയാണ്. അത്രയും നാളത്തെ സർവീസും നഷ്ടമാകും. ഇതിനിടെ പുതിയ ബാച്ചിന്റെ പരിശീലനവും തുടങ്ങി. ഇവരെ കിടത്താൻ ബറ്റാലിയനുകളിൽ സ്ഥലമില്ല. അതിനാൽ ഒരു കട്ടിലിൽ രണ്ടു പേർ വീതമാണു കിടക്കുന്നത്. കുറെപ്പേർ തറയിലും. പേരൂർക്കട എസ്എപി ക്യാംപിലും കണ്ണൂരിലും വെള്ളമില്ലാത്തതു തങ്ങളുടെ ദുരിതം വർധിപ്പിക്കുന്നതായി ട്രെയിനികൾ പറഞ്ഞു.