വെല്ലുവിളിച്ചിരിക്കുന്നത് മോദിയെ; ഒറ്റയ്ക്കല്ല യശ്വന്ത് സിൻഹയുടെ ഇറങ്ങിപ്പോക്ക്

പട്നയില്‍ ബിജെപി വിടുന്ന പ്രഖ്യാപനം നടത്തിയ ചടങ്ങിൽ യശ്വന്ത് സിന്‍ഹ സംസാരിക്കുന്നു.

ന്യൂഡൽഹി∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ കടുത്ത പോരാട്ടത്തിലാണ് ബിജെപി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും സഖ്യശ്രമങ്ങളും തുടങ്ങിയിരിക്കുന്നു, ഈ വർഷം അവസാനത്തോടെ ഇനി നാലു സംസ്ഥാനങ്ങളിൽ കൂടി തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്... രാഷ്ട്രീയപരമായി ഏറെ സുപ്രധാനമായ സമയത്താണു മുൻ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിൻഹ ബിജെപി വിടുന്നത്. ദേശീയതലത്തിൽ പലവിധത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണങ്ങൾ നടക്കുന്നതിനിടെ പാർട്ടിയുടെ തലമുതിർന്ന നേതാക്കളിലൊരാൾ വിട്ടുപോകുന്നത് ബിജെപിക്കാകട്ടെ ഒട്ടും നല്ല ശകുനവുമല്ല. 

Read: ബിജെപി വിട്ട് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ; മോദിക്കെതിരെ രൂക്ഷ വിമർശനം

ബിജെപിയിൽ നിന്നു താൻ രാജി വയ്ക്കില്ലെന്നും വേണമെങ്കിൽ തന്നെ പുറത്താക്കട്ടെ എന്നുമായിരുന്നു അടുത്തിടെ യശ്വന്ത് സിൻഹ പറഞ്ഞിരുന്നത്. ആ നിലപാട് മാറ്റാൻ അദ്ദേഹം തയാറായത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാവണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണാൻ യശ്വന്ത് സിൻഹ പല വട്ടം ശ്രമിച്ചതാണ്. എന്നാൽ മോദി ഒരിക്കൽ പോലും സമയം നൽകിയില്ല. ഒടുവിൽ ‘രാഷ്ട്ര മഞ്ച്’ എന്ന ചർച്ചാ വേദിക്ക് രൂപം നൽകിയായിരുന്നു അതിനോട് യശ്വന്ത് സിൻഹ പ്രതികരിച്ചത്. ഇതൊരു പാർട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. എങ്കിലും ഒട്ടേറെ പാർട്ടികൾ അന്ന് രാഷ്ട്ര മഞ്ചിന് പിന്തുണ അറിയിച്ചിരുന്നു. യശ്വന്ത് സിൻഹ ഒറ്റയ്ക്കല്ല എന്ന സൂചനയാണ് ഇതോടൊപ്പം ലഭിക്കുന്നത്. 

പാർട്ടി വിടുന്ന പ്രഖ്യാപനം പട്നയിൽ നടത്തുമ്പോൾ ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹയും ഒപ്പമുണ്ട്. കോൺഗ്രസിൽ നിന്ന് രേണുകാ ചൗധരിയും രാഷ്ട്രീയ ജനതാ ദളിന്റെ തേജേശ്വരി യാദവും ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങുമെല്ലാം ഉൾപ്പെട്ട സദസ്സിലായിരുന്നു പ്രഖ്യാപനമെന്നും ഓർക്കണം. ഒരു രാഷ്ട്രീയ കക്ഷിയുമായും ബന്ധമുണ്ടാകില്ല എന്നു പറയുമ്പോൾത്തന്നെ രാജ്യം മുഴുവനും പ്രചാരണം നടത്താനാണു സിൻഹയുടെ തീരുമാനം. അതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ‘രാഷ്ട്രീയ’ തീരുമാനവും. ബിജെപിക്ക് എതിരെ ശക്തമായ ആരോപണങ്ങളാണു സിൻഹ ഉന്നയിക്കുന്നത്. അവയാകട്ടെ പ്രതിപക്ഷത്തിനു സഹായകരമായ മൂർച്ചയേറിയ ആയുധങ്ങളുമാണ്. 

മോദി നോട്ട് പിൻവലിച്ചതിനെയും ജിഎസ്ടി തിരക്കിട്ടു നടപ്പാക്കിയതിനെയും രൂക്ഷമായി വിമർശിച്ച നേതാവാണു യശ്വന്ത് സിൻഹ. അരുൺ ജയ്റ്റ്ലി ധനകാര്യമന്ത്രി സ്ഥാനം ഒഴിയണം എന്നും സിൻഹ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത്തെ ധനകാര്യ നയവുമായി മുന്നോട്ടു പോയാൽ രാജ്യം അതീവ ഗുരുതരമായ സ്ഥിതിവിശേഷം നേരിടേണ്ടി വരുമെന്നാണ് സിൻഹ മുന്നറിയിപ്പു നൽകിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തെയാണു സിൻഹ വെല്ലുവിളിക്കുന്നത്. ബിജെപിയിൽ പലർക്കും സിൻഹയോട് യോജിപ്പുണ്ടെങ്കിലും അവർ ഭയന്നു പ്രകടിപ്പിക്കാതിരിക്കുകയാണെന്നാണു റിപ്പോർട്ടുകൾ. പാർട്ടി വിട്ടതോടെ ഇനി വരും നാളുകളിൽ കൂടുതൽ ബിജെപി നേതാക്കൾ യശ്വന്ത് സിൻഹയ്ക്ക് പിന്തുണയുമായി വന്നാൽ അദ്ഭുതപ്പെടാനില്ലെന്നു ചുരുക്കം.