Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വിട്ട് മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ; മോദിക്കെതിരെ രൂക്ഷ വിമർശനം

Yashwant Sinha പട്നയിൽ ബിജെപി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയ ചടങ്ങിൽ യശ്വന്ത് സിൻഹയും മറ്റു പാർട്ടികളുടെ നേതാക്കളും.

പട്ന∙ മുൻ ധനമന്ത്രിയും മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹ ബിജെപി വിട്ടു. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നുവെന്നും മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതു തുടരും. യശ്വന്ത് സിൻഹ രൂപീകരിച്ച ‘രാഷ്ട്ര മഞ്ച്’ ചർച്ചാവേദി പട്നയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ബിജെപി വിടുന്നതായുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

കോൺഗ്രസ്, ആർജെഡി, എഎപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നേതാക്കളും വേദിയിലുണ്ടായിരുന്നു. ബിജെപി എംപി ശത്രുഘ്നൻ സിൻഹയും യശ്വന്ത് സിൻഹയ്ക്കു പിന്തുണയറിയിച്ചു. ‘നാലു വർഷം മുൻപ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു ഞാൻ വിട പറഞ്ഞതാണ്. ഇനി പാർട്ടി രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയാണ്’– എൺപതുകാരനായ സിൻഹ വ്യക്തമാക്കി. മോദിക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പാർലമെന്റ് നടത്താൻ കേന്ദ്രസർക്കാർ ഒരിക്കലും അനുവദിക്കുന്നില്ല. ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പോലും പ്രതിപക്ഷത്തിന്റെ പ്രശ്നങ്ങൾ ചർച്ച നടത്താൻ ശ്രമിച്ചില്ലെന്നും സിൻഹ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ നിരന്തരം വിമർശനം മുഴക്കി ബിജെപിക്കു പതിവായി തലവേദന സൃഷ്ടിക്കുകയായിരുന്നു യശ്വന്ത് സിൻഹ. താൻ നടത്തുന്നതു പാർട്ടി വിരുദ്ധ പ്രവർത്തനമല്ലെന്നും രാജ്യതാൽപര്യത്തിനു വേണ്ടിയുള്ള പ്രവർത്തനമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. താൻ സ്വയം ബിജെപി വിടില്ലെന്നും പാർട്ടിക്കു വേണമെങ്കിൽ പുറത്താക്കാമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യശ്വന്ത് സിൻഹ പറഞ്ഞിരുന്നു. രാഷ്ട്ര മഞ്ച് എന്ന പേരിൽ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്. രാഷ്ട്ര മഞ്ച് രാഷ്ട്രീയ പാർട്ടിയല്ലെന്നും ദേശീയ പ്രസ്ഥാനമാണെന്നുമാണു യശ്വന്ത് സിൻഹയുടെ അവകാശവാദം. ഇതിനു പിന്നാലെയാണ് ഇതേ പ്രസ്ഥാനത്തിന്റെ പരിപാടിയിൽ വച്ച് പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം.

1937 നവംബർ ആറിനു പട്നയിൽ  ജനിച്ച സിൻഹ ബിഹാറിൽ ഐഎഎസ് പദവിയിലായിരുന്നു 24 വർഷം. 1984ൽ ഐഎഎസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1986ൽ പാർട്ടിയുടെ  അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989ൽ ജനതാദൾ രൂപീകരിക്കപ്പെട്ടപ്പോൾ ബിജെപി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം ചന്ദ്രശേഖർ മന്ത്രിസഭയിൽ ധനമന്ത്രി(1990-91)യുമായിരുന്നു. പിന്നീട് ജനതാദളുമായുള്ള അസ്വാരസ്യത്തെത്തുടർന്നു പാർട്ടി വിട്ട യശ്വന്ത് വീണ്ടും ബിജെപിയിലെത്തി. 1996ൽ പാർട്ടിയുടെ ദേശീയ വക്താവായി.

വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയാലും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 2014ൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഉപേക്ഷിച്ചു മകനു വഴിമാറിക്കൊടുത്തു. ജാർഖണ്ഡിൽ നിന്ന് മകൻ ജയന്ത് സിൻഹ ബിജെപി ടിക്കറ്റിൽ ജയിക്കുകയും ചെയ്തു. നിലവിൽ മോദി സർക്കാരിൽ വ്യോമയാന മന്ത്രിയാണ് ജയന്ത് സിൻഹ. സിൻഹയുടെ നിലപാടുമായി ബന്ധപ്പെട്ടു സമീപകാലത്തു വിവാദങ്ങളുണ്ടായപ്പോഴും ബിജെപിക്കൊപ്പമാണു ജയന്ത് നിലകൊണ്ടത്.

related stories