യശ്വന്തിനു പിന്നാലെ ബിജെപിക്ക് പുതിയ ‘ശത്രു’; ധൈര്യമുണ്ടെങ്കിൽ പുറത്താക്കാൻ വെല്ലുവിളി

ശത്രുഘ്നൻ സിൻഹ

പട്ന∙ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ പാർട്ടി വിട്ടതിനു തൊട്ടുപിന്നാലെ ബിജെപിക്കു പുതിയ ‘വെല്ലുവിളി’. ഇപ്പോഴും വിമതശബ്ദമുയർത്തി തുടരുന്ന പാർട്ടി എംപി ശത്രുഘ്നൻ സിൻഹയാണ് ‘ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാന്‍’ നേതൃത്വത്തെ വെല്ലുവിളിച്ചിരിക്കുന്നത്. ‘ബിഹാർ തിരഞ്ഞെടുപ്പ് അവസാനിച്ചതു മുതൽ പാർട്ടി തനിക്കെതിരെ നടപടിയെടുക്കുമെന്നു കേട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒന്നുമുണ്ടായില്ല. അതിനു മുഹൂർത്തം കാത്തിരിക്കുകയാണോ അവർ? സ്വയം രാജിവച്ചു പുറത്തു പോകുമെന്നു കരുതേണ്ട. ബിജെപി നേതൃത്വത്തിന് എനിക്കെതിരെ നടപടിയെടുക്കാം. പക്ഷേ, ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെ ഓരോ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനമുണ്ടാവുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

യശ്വന്ത് സിൻഹ രൂപീകരിച്ച രാഷ്ട്ര മഞ്ചിന്റെ ദേശീയ കൺവൻഷനിലായിരുന്നു ലോക്സഭാംഗമായ ശത്രുഘ്നന്റെ പ്രതികരണം. ‘ഞാൻ ബിജെപിയിൽ ചേർന്നത് അതു വിട്ടു പോകാനല്ല. അത് എന്റെ ആദ്യത്തെയും അവസാനത്തെയും പാർട്ടിയാണ്. വിട്ടുപോകാൻ എനിക്കാകില്ല. എന്നെ അവർക്ക് പുറത്താക്കണോ എന്നം അറിയില്ല. പക്ഷേ പാർട്ടിയിൽ നിൽക്കുന്നിടത്തോളം ഞാൻ അതിന്റെ അന്തസ്സു കാത്തു സൂക്ഷിക്കുക തന്നെ ചെയ്യും’– സിൻഹ പറഞ്ഞു.

വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്നു ശത്രുഘ്നൻ സിൻഹ. 2015ലെ ബിഹാർ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുമായി ഇട‍ഞ്ഞുനിൽക്കുകയാണ് ഇദ്ദേഹം. ജിഎസ്ടി, കശ്മീർ, നോട്ടുനിരോധനം, കശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര നയം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടേതിനു കടകവിരുദ്ധമായിരുന്നു ശത്രുഘ്നന്റെ നിലപാടുകൾ. എന്നാൽ ‘രാഷ്ട്ര മഞ്ച്’ പരിപാടിയിൽ പങ്കെടുത്തതിനെ അദ്ദേഹം ന്യായീകരിച്ചിട്ടുണ്ട്. ‘എല്ലായിപ്പോഴും പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുന്ന ആളാണു ഞാൻ. ലാലു പ്രസാദ് യാദവും സോണിയ ഗാന്ധിയും പോലുള്ളവർ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്’– ‘ശത്രു’ വ്യക്തമാക്കി. 

അടുത്തിടെ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും യശ്വന്ത് സിൻഹയും ശത്രുഘ്നൻ സിൻഹയും കൂടിക്കാഴ്ച നടത്തിയിരുന്നു ബിജെപിക്കെതിരെ ഒന്നിക്കണമെന്ന ആഹ്വാനവുമായി വിവിധ പാർട്ടി നേതാക്കളെ കാണാൻ മമത ഡൽഹിയിലെത്തിയപ്പോഴായിരുന്നു അത്.