തിരുവനന്തപുരത്ത് കെഎസ്ആർടിസി വർക്ക്ഷോപ്പിൽ തീപിടിത്തം

കെഎസ്ആർടിസി വർക്ക്ഷോപ്പിൽ തീപിടിത്തമുണ്ടായപ്പോൾ. ചിത്രം: മനോരമ

തിരുവനന്തപുരം∙ പാപ്പനംകോട് കെഎസ്ആർടിസി സെൻട്രൽ വർക്ക്ഷോപ്പിൽ തീപിടിത്തം. ഗാരേജിൽ ഉപയോഗ്യശൂന്യമായ ടയറുകളും ട്യൂബുകളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. സമീപത്തുകിടന്ന മറ്റു മാലിന്യങ്ങളും അഗ്നിക്കിരയായി. ടയറുകൾ കത്തിയതിനാൽ കറുത്ത പുക പ്രദേശമാകെ പരന്നു. കൂടുതൽ ഭാഗത്തേക്കു തീ കടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. വർക്ക്ഷോപ്പിൽ ഇരുമ്പ് മുറിക്കുന്ന കട്ടർ പ്രവർത്തിച്ചിരുന്നുവെന്നും ഇതിലെ തീപ്പൊരി വീണാകാം തീപടർന്നതെന്നും സംശയിക്കുന്നു.

സമീപത്തുള്ള 220 കെവി ട്രാൻസ്ഫോമർ തക്കസമയത്ത് ഓഫ് ചെയ്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ഏഴ് യൂണിറ്റ് അഗ്നിശമന സേനയാണ് തീയണയ്ക്കാൻ രംഗത്തുള്ളത്. ലേലം ചെയ്യാനായി മാറ്റിയിട്ടിരുന്ന പഴയ ടയർ ട്യൂബുകളാണ് അഗ്നിക്കിരയായത്.