കെഎസ്ആർടിസിയിലെ തൊഴിലാളികൾ കഴിവുള്ളവർ; മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതം

ടോമിൻ തച്ചങ്കരി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ സന്ദർശിച്ചപ്പോൾ

പാലക്കാട്∙ കണ്ണൂരിലെ തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന അവസരത്തിൽ 30% തൊഴിലാളികൾ കഴിവില്ലാത്തവരാണെന്ന രീതിയിൽ താൻ പറഞ്ഞിട്ടില്ലെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസിയിലെ 100% ജീവനക്കാരും കഴിവുള്ളവരാണ്. സ്ഥാപനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരുമാണ്. 30% തൊഴിലാളികൾ അദർ ഡ്യൂട്ടി, ലൈറ്റ് ഡ്യൂട്ടി, ചെയ്യുന്നുവെന്നാണ് താൻ ഉദ്ദേശിച്ചത്.

തൊഴിലാളികൾ കഴിവുള്ളവരാണ്. ശരിയായ മേൽനോട്ടമുണ്ടെങ്കിൽ തൊഴിലാളികളുടെ കഴിവു പൂർണരീതിയിൽ ഉപയോഗിക്കാൻ കഴിയും. മറ്റുള്ള തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതു സ്ഥാപനത്തിന്റെ കെട്ടുറപ്പു നശിപ്പിക്കാനേ ഉപകരിക്കൂ. തന്റെ പ്രസംഗത്തിനു മറ്റൊരു തരത്തിലുമുള്ള ഒരു അർഥവും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിയുടെ ഉന്നമന്നത്തിനുവേണ്ടി എല്ലാ വിഭാഗങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്നത് ഉറപ്പാക്കും. കെഎസ്ആർടിസിയെ ലാഭത്തിലാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.