പാലക്കാട് നഗരസഭയിൽ ബിജെപിക്കെതിരായ രണ്ടാം അവിശ്വാസ പ്രമേയം പാസായി

പാലക്കാട് നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന്. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

പാലക്കാട്∙ നഗരസഭയിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബിജെപിയിലെ പി.സ്മിതേഷിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം സിപിഎം പിന്തുണയോടെ പാസായി. സമിതിയിൽ ആകെയുള്ള ഒൻപത് അംഗങ്ങളിൽ ബിജെപിയിലെ നാലു പേർ എതിർത്തപ്പോൾ യുഡിഎഫിലെ മൂന്നു പേരും സിപിഎമ്മിലെ രണ്ടു പേരും അനുകൂലമായി വോട്ട് ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരെ നൽകിയ അവിശ്വാസപ്രമേയം ഉച്ചതിരിഞ്ഞു ചർച്ചയ്ക്കെടുക്കും.

രാവിലെ ബിജെപിക്കെതിരെ കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പാസായിരുന്നില്ല. ബിജെപി അധ്യക്ഷപദം വഹിക്കുന്ന ആരോഗ്യ സ്ഥിരംസമിതിക്കെതിരെ ആയിരുന്നു അവിശ്വാസ പ്രമേയം. എൽഡിഎഫ് പിന്തുണച്ചിട്ടും പ്രമേയം പാസായില്ലെന്നതാണു ശ്രദ്ധേയം. രണ്ട് എൽഡിഎഫ് അംഗങ്ങളിൽ ഒരാളുടെ വോട്ട് അസാധുവായതാണു കാരണം. എൽഡിഎഫ് സ്വതന്ത്ര എം.കെ.സാജിത ഒപ്പു രേഖപ്പെടുത്താൻ വിട്ടുപോയതിനാലാണു വോട്ട് അസാധുവായത്.

ആകെ എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്ഥിരംസമിതിയിൽ ബിജെപിക്കും യുഡിഎഫിനും മൂന്നു വീതവും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. പ്രമേയത്തിന് അനുകൂലമായി നാലും എതിർത്ത് മൂന്നും വോട്ടു ലഭിച്ചു. പകുതിയിലധികം വോട്ട് കിട്ടിയാലേ പ്രമേയം പാസാകൂ. ബിജെപിയിലെ ജയന്തി രാമനാഥനാണു സമിതി അധ്യക്ഷ.