വാക്കുപാലിച്ച് തച്ചങ്കരി; ശമ്പളം കിട്ടിയ സന്തോഷത്തിൽ കെഎസ്ആർടിസി ജീവനക്കാർ

ടോമിൻ തച്ചങ്കരി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ സന്ദർശിച്ചപ്പോൾ. ഫയൽ ചിത്രം∙ മനോരമ

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കു നൽകിയ വാക്കുപാലിച്ച് എംഡി ടോമിൻ തച്ചങ്കരി. ഇത്തവണ 30നു തന്നെ ശമ്പളം നൽകുമെന്ന പ്രഖ്യാപനമാണു തച്ചങ്കരി യാഥാർഥ്യമാക്കിയത്. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെൻഷനും വൈകുന്നതു പതിവായിരിക്കെയാണു ജീവനക്കാർക്ക് അപ്രതീക്ഷിതമായി കൃത്യസമയത്തു ശമ്പളം ലഭിച്ചത്.

എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണു ശമ്പളം നൽകേണ്ടതെങ്കിലും കുറച്ചുകാലമായി ഒരാഴ്ചയിലേറെ വൈകാറുണ്ട്. എന്നാൽ, പതിവിനു വിപരീതമായി ഏപ്രിലിലെ അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ച ഉച്ചയോടെ അക്കൗണ്ടിൽ ശമ്പളം വന്നതിന്റെ സന്ദേശം ജീവക്കാർക്കു മൊബൈലിൽ ‌കിട്ടിത്തുടങ്ങി. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ജീവനക്കാർ സന്തോഷം പങ്കുവച്ചു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ശമ്പളം വൈകുന്നതിലാണു ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി സർക്കാരുമായി ബന്ധപ്പെട്ടു ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. 

കൃത്യസമയത്തു ശമ്പളം നൽകുമെന്നും ഇല്ലെങ്കിൽ എംഡി സ്ഥാനം രാജിവയ്ക്കുമെന്നുമായിരുന്നു തച്ചങ്കരി ജീവനക്കാർക്കു നൽകിയ ഉറപ്പ്. അതിനു പകരമായി ജീവനക്കാരുടെ പൂർണപിന്തുണ അദ്ദേഹം അഭ്യർഥിച്ചു. ശമ്പളം നൽകാൻ 86 കോടിയാണു വേണ്ടത്. കെഎസ്ആർടിസി കടത്തിലായതിനാൽ മാസങ്ങളായി സർക്കാരാണു തുക നൽകുന്നത്. പെൻഷൻ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്. 46,450 ജീവനക്കാരാണു കെഎസ്ആർടിസിയിലുള്ളത്.