എൽഡിഎഫ് സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാരിന്റെ ഭരണവൈകല്യവും ക്രമസമാധാന തകര്‍ച്ചയും ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം തീരുമാനിച്ചു. കോഴിക്കോട് സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ട ജോത്സ്യനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു താമരശേരിയില്‍നിന്നു കോഴിക്കോട്ടേക്കു ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച മാര്‍ച്ച് നടത്തും.

വ്യാജ ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയകലാപത്തിനു ശ്രമിച്ചവരെ കണ്ടെത്താന്‍ കേസ് എന്‍ഐഎ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് അഞ്ചിനു മലപ്പുറം ജില്ലയിലെ ആലന്തൂരില്‍നിന്നു പാനൂരിലേക്കു നടത്തുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കും. പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കേസന്വേഷണം സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് അട്ടപ്പാടില്‍ മരിച്ച മധുവിന്റെ വീട്ടില്‍നിന്നു വാരാപ്പുഴയിലേക്കു ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ 7, 8 തീയതികളില്‍ മാര്‍ച്ച് നടത്തും. ചെങ്ങന്നൂര്‍ എന്‍ഡിഎ കണ്‍വന്‍ഷന്‍ മേയ് 6ന് നടക്കുമെന്നും വക്താവ് എം.എസ്.കുമാര്‍ അറിയിച്ചു.