‘അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി അറിയിക്കണമായിരുന്നു’

മലപ്പുറം∙ ദേശീയ ചലച്ചിത്ര അവാർഡ് നൽകാൻ രാഷ്ട്രപതിക്കു പ്രയാസമുണ്ടായിരുന്നെങ്കിൽ അക്കാര്യം മുൻകൂട്ടി ജേതാക്കളെ അറിയിക്കണമായിരുന്നെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി. വിവാദത്തിനു കേന്ദ്രസർക്കാർ സാഹചര്യമൊരുക്കാൻ പാടില്ലായിരുന്നു. കാര്യങ്ങൾ അപക്വമായി കൈകാര്യം ചെയ്തതാണു പ്രതിഷേധത്തിനും വിവാദത്തിനും കാരണമായത്.

രാഷ്ട്രപതി അവാർഡ് നൽകുമെന്ന് അറിയിച്ചു ജേതാക്കളെ വിളിച്ചുവരുത്തിയ സ്ഥിതിക്ക് അവാർഡ് അങ്ങനെതന്നെയാണു കൊടുക്കേണ്ടിയിരുന്നത്. കുറേപ്പേർക്കു രാഷ്ട്രപതി, കുറേപ്പേർക്കു മന്ത്രി എന്ന രീതി ശരിയായില്ലെന്നും ആന്റണി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെ ‘ഗാന്ധിയൻ പുരസ്കാരം’ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.