വ്യാജ ഹർത്താൽ: ആറു പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

തിരുവനന്തപുരം ∙ വ്യാജ ഹർത്താൽ ആഹ്വാനം ചെയ്തെന്ന കേസിൽ ആറു പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൂർത്തിയായി. വിധി 15നു പറയും. പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കു നിയമ വ്യവസ്ഥയെ ഭയം കാണില്ലെന്നും സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

എന്നാൽ സമര ദിവസം വാഹനങ്ങൾ തടഞ്ഞവരെ ഇതുവരെ പിടികൂടിയില്ലന്നും സന്ദേശം ലൈക്ക് ചെയ്തവരെയാണു പിടികൂടിയതെന്നും പ്രതിഭാഗം വാദിച്ചു. അമർനാഥ്, സുധീഷ്, അഖിൽ, ഗോകുൽ, എം.ജി. സിറിൽ‌, സൗരവ് എന്നിവരുടെ ജാമ്യ അപേക്ഷയിലാണു കോടതി വാദം പരിഗണിച്ചത്. കേസിലെ ആറു പ്രതികളും ഇപ്പോൾ റിമാൻഡിലാണ്. ജസ്റ്റിസ് ഫോർ സിസ്റ്റർ എന്ന വ്യജ വാട്‍സ് ആപ് ഗ്രുപ്പ് തുടങ്ങി ഇതു വഴി വ്യാജ സന്ദേശങ്ങൾ അയച്ചു എന്നാണു കേസ്.