പഴനി വാഹനാപകടം: മധുരയിൽ ചികിത്സയിലായിരുന്ന ആദിത്യനും വിടപറഞ്ഞു

അഭിജിത്തിന്റെ മൃതദേഹം കോരുത്തോട് പൊതുദർശനത്തിനു വച്ചപ്പോൾ ഭർത്താവ് ജിനുവിന്റെ നെഞ്ചിൽ ചാരി പൊട്ടിക്കരയുന്ന മായ. ഇവരുടെ രണ്ടാമത്തെ മകൻ ആദിത്യനും മരിച്ചു(ഫയൽചിത്രം)

പഴനി ∙ കോട്ടയം കോരുത്തോടു നിന്നു തീർഥാടനത്തിനെത്തിയ മലയാളികൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കുട്ടിയും വിടപറഞ്ഞു. കോരുത്തോട് പാറയിൽ ജിനുവിന്റെ മകൻ ആദിത്യൻ(11) ആണു മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. ആദിത്യന്റെ സഹോദരൻ അഭിജിത്(12) ഉൾപ്പെടെ ഏഴു പേരാണ് ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്. കോരുത്തോട് പാറയിൽ പി.ആർ.ശശി(62), ഭാര്യ വിജയമ്മ(59), ചെറുമകൻ അഭിജിത്(12), ആദിത്യൻ(11), ശശിയുടെ സഹോദരി ലേഖ(48), ഭർത്താവ് തുണ്ടത്തിൽ സുരേഷ്(52), മകൻ മനു(27) ബന്ധുവായ നിരപ്പേൽ ബാബുവിന്റെ ഭാര്യ സജിനി(53) എന്നിവരുൾപ്പെടെ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ എട്ടായി.

ചൊവ്വ രാത്രി 11.15ന് ദേശീയ പാത 209ൽ പഴനിക്കും ഡിണ്ടിഗലിനുമിടയിൽ ശിന്തളപാടംപട്ടിക്കു സമീപമാണ് ഇവർ സഞ്ചരിച്ച വാൻ ലോറിയിലേക്ക് ഇടിച്ചു കയറിയത്. വണ്ടിയോടിച്ച സുരേഷ് ഉറങ്ങിപ്പോയതാവാമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ കുടുങ്ങിയ വാൻ ക്രെയിൻ ഉപയോഗിച്ചാണു വേർപെടുത്തിയത്. സുരേഷ്, ശശി, മനു, അഭിജിത് എന്നിവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിജയമ്മ പഴനി സർക്കാർ ആശുപത്രിയിലും ലേഖ ഡിണ്ടിഗൽ ജില്ലാ ആശുപത്രിയിലും സജിനി മധുര രാജാജി ആശുപത്രിയിലും എത്തിയതിനു ശേഷമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണു സംഘം കോരുത്തോടു നിന്നു പുറപ്പെട്ടത്. പഴനിയിൽ പോയി വെള്ളിയാഴ്ച തിരികെ വരാനായിരുന്നു പരിപാടി. 

പഴനി ശിന്തളപാടംപട്ടിക്കു സമീപം ഏഴു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ തകർന്ന വാൻ

ശശിയുടെ മകൻ ജിനുവിന്റെയും മായയുടെയും മക്കളാണ് അഭിജിത്തും ആദിത്യനും. അഭിജിത്ത് കോരുത്തോട് സികെഎം ഹയർസെക്കൻഡറി സ്കൂളിൽ എട്ടിലും ആദിത്യൻ ആറിലുമാണു പഠിക്കുന്നത്. പിതാവ് ജിനു ഇതേ സ്കൂളിലെ ജീവനക്കാരനാണ്. ജിഷയാണ് ശശിയുടെയും വിജയമ്മയുടെയും മകൾ. മരുമകൻ: സാബു. 

സുരേഷ് കോരുത്തോട് ടൗണിൽ തുണ്ടത്തിൽ ഗ്ലാസ് ഹൗസ് എന്ന സ്ഥാപനം നടത്തുന്നു. മരിച്ച മകൻ മനു അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നു. മനുവിനെ കൂടാതെ ഒരു മകളുണ്ട് – മഞ്ജു. മരുമകൻ: ആനന്ദ്.മരിച്ച സജിനി കോരുത്തോട് പുതുപറമ്പിൽ കുടുംബാംഗമാണ്.