പുഴയിൽ നിന്നു കയറാതെ ആന, കയറിയപ്പോൾ പിന്നെ ഓടെടാ ഓട്ടം–ചിത്രങ്ങൾ

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചിരിക്കുന്ന ആന

തൃശൂർ ∙ പുഴയിൽ ക‍ുളിപ്പിക്കാൻ ഇറക്കിയ ആന കരയ്ക്കു കയറാൻ കൂട്ടാക്കാതെ വെള്ളത്തിൽ നിലയുറപ്പിച്ചത് ഒന്നര മണിക്കൂർ. പനമ്പട്ടയും പഴക്കുലയും കാണിച്ച് ഒരുവിധം കരയ‍ിലേക്കു വരുത്തിയെങ്കിലും ഭക്ഷണം തുമ്പിക്കയ്യിലാക്കി ആന പിന്നെയും പുഴയിലിറങ്ങിക്കിടപ്പായി. ഭക്ഷണം തീർന്നപ്പോൾ വെള്ളത്തിൽ നിന്നു കയറിയ ആന പൊതുവഴ‌ിയിലൂടെ ഓടിയത് ആറു കിലോമീറ്ററോളം. ഓടിയോടി മടുത്തപ്പോൾ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയറി വിശ്രമവും തുടങ്ങി.

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചിരിക്കുന്ന ആനയെ കാണാൻ എത്തിയവർ

പഴയന്നൂർ ചീരക്കുഴിപ്പുഴയിൽ രാവിലെ പത്തരയോടെയാണു കൊമ്പനെ കുളിപ്പിക്കാൻ ഇറക്കിയത്. വെള്ളത്തിൽ കിടന്നു ഹരംപ‍ിടിച്ചപ്പോൾ ആനയുടെ മട്ടുമാറി. പാപ്പാൻമാർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ആന കരയ്ക്കു കയറാൻ തയാറായില്ല. ജനം കൂടിത്തുടങ്ങിയപ്പോൾ പനമ്പട്ടയും മറ്റും കാട്ടി പാപ്പാൻമാർ ആനയെ ആകർഷിക്കാൻ ശ്രമിച്ചു. പനമ്പട്ട കണ്ടു കയറിവന്ന ആന തുമ്പിക്കയ്യിൽ ഇവ വാങ്ങിയശേഷം വീണ്ടും പുഴയിലേക്കിറങ്ങിയതു പാപ്പാൻമാരെ വലച്ചു.

വെള്ളത്തിൽനിന്ന് കരയിലേക്കു കയറുന്ന ആന

ഒന്നരമണിക്കൂർ വെള്ളത്തിൽ കളിച്ച ശേഷം റോഡിലൂടെ ആറുകിലോമീറ്റർ ഓടി വയൽ മുറിച്ചു കടന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് ആന. എലഫന്റ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.