ഇൻഡോറിൽ റൺമഴ; പഞ്ചാബിനെ 31 റൺസിന് തകർത്ത് കൊൽക്കത്ത

പഞ്ചാബിനെതിരെ സുനിൽ നരെയ്ന്റെ ബാറ്റിങ്. (ട്വിറ്റർ ചിത്രം)

ഇൻഡോർ∙ ഹോൽക്കർ സ്റ്റേഡിയത്തിൽ റൺമഴ തിമിർത്തു പെയ്ത ആവേശപ്പോരിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന മൽസരത്തിൽ 31 റൺസിനാണ് കൊൽക്കത്തയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 214 റൺസിൽ ഒതുങ്ങി.

സീസണിലെ ആറാം ജയം കുറിച്ച കൊൽക്കത്ത 12 മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കു കയറി. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ കിങ്സ് ഇലവനാകട്ടെ, 12 പോയിന്റുമായി മൂന്നാം സ്ഥാനത്തു തുടരുന്നു. റൺനിരക്കിലെ ആധിപത്യമാണ് കൊൽക്കത്തയ്ക്കു മേൽ പഞ്ചാബിന് മുൻതൂക്കം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർ സുനിൽ നരെയ്ൻ, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് തുണയായത്. നരെയ്ൻ 36 പന്തിൽ ഒൻപതു ബൗണ്ടറിയും നാലു സിക്സും സഹിതം 75 റൺസെടുത്തു. കാർത്തിക് 23 പന്തിൽ അ‍ഞ്ചു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 50 റൺസെടുത്തും പുറത്തായി. പഞ്ചാബിനായി ആൻഡ്രൂ ടൈ നാല് ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഇതോടെ, 20 വിക്കറ്റുകളുമായി ടൈ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തി.

കൊൽക്കത്ത ഉയർത്തിയ കൂറ്റൻ സ്കോറിനെ ഭയക്കാതെയായിരുന്നു പഞ്ചാബിന്റെ മറുപടി ബാറ്റിങ്. ഒന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ലോകേഷ് രാഹുൽ–ക്രിസ് ഗെയ്‌ൽ സഖ്യം അവർക്ക് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. എന്നാൽ ഇരുവരും പുറത്തായതോടെ കടിഞ്ഞാൺ കൊൽക്കത്തയുടെ കൈകളിലായി. 29 പന്തിൽ രണ്ടു ബൗണ്ടറിയും ഏഴു സിക്സും സഹിതം 66 റൺസെടുത്താണ് രാഹുൽ പുറത്തായത്. ഇതോടെ 11 മൽസരങ്ങളിൽനിന്ന് 537 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രാഹുൽ ഒന്നാമനായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ആരോൺ ഫിഞ്ച് (20 പന്തിൽ 34), ക്യാപ്റ്റൻ അശ്വിൻ (22 പന്തിൽ 45) എന്നിവരാണ് പഞ്ചാബിന്റെ തോൽവിഭാരം കുറച്ചത്.