യാത്രയ്ക്കിടെ പ്രസവവേദന; യുവതിയെ ആശുപത്രിയിലെത്തിച്ച് കെഎസ്ആർടിസി ഡ്രൈവർ

പ്രസവവേദനയുമായെത്തിയ യുവതിയെ ആശുപത്രിയിലേക്കു മറ്റുന്നു (ഇടത്), കെഎസ്ആർടിസിയുടെ ഡ്രൈവർ ഗിരീഷ് (വലത്)

തിരുവനന്തപുരം∙ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ഗതാഗതക്കുരുക്കിനിടയിലും മിനിറ്റുകൾ കൊണ്ട് 12 കിലോമീറ്റർ അകലെയുള്ള എസ്എടി ആശുപത്രിയിലെത്തിച്ച ഡ്രൈവർക്കും കണ്ടക്ടർക്കും അഭിനന്ദനപ്രവാഹം. വെഞ്ഞാറമൂട്–കേശവദാസപുരം റോഡിൽ വട്ടപ്പാറ ജംക്‌ഷനിൽ വച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. തുടർന്ന് യാത്രക്കാരാണ് എസ്എടി ആശുപത്രിയിലേക്കു പോകാമെന്നു നിർദേശിച്ചത്.

പൊലീസിനെയും വിവരമറിയിച്ചു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ കടയ്ക്കൽ സ്വദേശി ഗിരീഷും കണ്ടക്ടർ സാജനും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കേശവദാസപുരത്ത് കാത്തുകിടന്ന പൊലീസ് തുടർന്നുള്ള യാത്രയിൽ വഴിയൊരുക്കി. ഗതാഗതക്കുരുക്ക് രൂക്ഷമായ ഈ റൂട്ടിൽ യാത്ര എളുപ്പമായിരുന്നില്ല. ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിർത്താതെയാണ് ആശുപത്രി വരെയെത്തിയത്. യുവതിയെ സുരക്ഷിതമായി ആശുപത്രിയിലേക്കു മാറ്റിയശേഷം യാത്രക്കാരുമായി തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെത്തിയ ബസ് യാത്ര തുടർന്നു.