ന്യൂജെൻ ചാണക്യതന്ത്രവുമായി കോൺഗ്രസ്; എല്ലായിടത്തും വേണം ‘കർണാടക’

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി.

ന്യൂ‍ഡൽഹി∙ ബിജെപിക്കെതിരെ പുതിയ പോർമുഖം തുറന്ന് കോൺഗ്രസ്. കർണാടകയിൽ ജനാധിപത്യ, നിയമപോരാട്ടങ്ങളിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണു കോൺ‌ഗ്രസ് കളത്തിലേക്ക് മടങ്ങിയെത്തുന്നത്. കർണാടകയിൽ ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ചതിനു ചൂണ്ടിക്കാട്ടിയ ന്യായം മറ്റിടങ്ങളിലും പാലിക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം.

രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തന്ത്രങ്ങൾക്കു മുന്നിൽ പലപ്പോഴും ഇടറിവീണ കോൺഗ്രസ്, അതേ അടവുകളാണിപ്പോൾ തിരിച്ചുപയറ്റുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതാണു നീതിയും ന്യായവുമെങ്കിൽ ഗോവയിലും അതു വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഗോവയിലെ 16 കോൺഗ്രസ് എംഎൽഎമാരും സർക്കാർ രൂപീകരണത്തിന് അവകാശമുന്നയിച്ച് വെള്ളിയാഴ്ച രാജ്‍ഭവനിലേക്ക് മാർച്ച് നടത്തും.

വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിനു ഗോവയിൽ സര്‍ക്കാരുണ്ടാക്കാന്‍ ക‍ഴിഞ്ഞില്ല. അതിവേഗ നീക്കത്തിൽ മനോഹര്‍ പരീക്കറിന്‍റെ നേതൃത്വത്തിലുള്ള ബിജെപിയാണു ഗോവയുടെ ഭരണം നേടിയത്. കോൺഗ്രസിന്റെ തന്ത്രം പയറ്റുമെന്ന് ആർജെഡിയും സൂചന നൽകി. ബിഹാറിലെ വലിയ ഒറ്റകക്ഷി ആർജെഡിയാണ്. ബിഹാറിലെ എൻഡിഎ സർക്കാരിനെ പിരിച്ചുവിട്ട് ആർജെഡിയെ ക്ഷണിക്കണമെന്ന് മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.