മോദി അഴിമതിക്കാരൻ; അധികാരം കൊണ്ട് എല്ലാത്തിനെയും അപമാനിക്കാനാകില്ല: രാഹുൽ

കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തുന്നു.

ന്യൂഡൽഹി∙ ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പയുടെ രാജിക്കു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്തത് പ്രധാനമന്ത്രി മോദിയുടെ അറിവോടെയാണ്. പ്രധാനമന്ത്രി അഴിമതി വളർത്തുകയാണ്. മോദി തന്നെ ഒരു അഴിമതിക്കാരനാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതിൽ എനിക്ക് അഭിമാനമുണ്ട്. അധികാരമോ പണമോ അല്ല പ്രധാനമെന്ന് കോൺഗ്രസ് തെളിയിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വിധാൻ സൗധയിലെ നടപടിക്രമങ്ങൾക്കു പിന്നാലെ തന്നെ ബിജെപി എംഎൽഎമാരും പ്രോടെം സ്പീക്കറും സഭ വിട്ടിരുന്നു. അധികാരമുണ്ടെന്നു കരുതി നിങ്ങൾക്ക്   എല്ലാത്തിനെയും അപമാനിക്കാനാകില്ല. പ്രധാനമന്ത്രി മോദി, അമിത് ഷാ, ആർഎസ്എസ് എന്നിവയെ ബഹുമാനിക്കുന്നതിലും വലുതായി ഒന്നുമില്ലെന്നാണ് അവർ കരുതുന്നത്. കർണാടകയിലും മണിപ്പുരിലും ഗോവയിലും ബിജെപി ജനങ്ങളുടെ തീരുമാനത്തെ ധിക്കരിക്കുകയായിരുന്നു. ബിജെപിയുടെ ധാർഷ്ട്യത്തിന് ഒരതിരുണ്ടെന്നും ബിജെപിയും ആർഎസ്എസും ഒരു പാഠം പഠിക്കണമെന്നും ജനങ്ങൾ തീരുമാനിച്ചിരുന്നതാണ്.

ഇന്ത്യയിലെ ജനങ്ങളേക്കാളും വലുതല്ല പ്രധാനമന്ത്രി. ബിജെപിയിൽനിന്ന് ഞങ്ങൾ രാജ്യത്തെ രക്ഷിക്കും. കർണാടകയിലെ ജനങ്ങളെ രക്ഷിക്കുകയായിരുന്നു കോൺഗ്രസ്. രാജ്യത്തെ എല്ലാ വ്യവസ്ഥിതികളെയും നിയന്ത്രിക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യം. അധികാരം പ്രധാനമന്ത്രിയുടെയും ആർഎസ്എസിന്റെയും കൈകളിലാണ്. ഗവർണർ രാജിവച്ചാലും അടുത്തയാളെത്തി ഇതേകാര്യങ്ങൾ തന്നെ തുടരുമെന്നും രാഹുൽ പറഞ്ഞു.