ആട്ടിൻക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വയോധികൻ കിണറ്റിൽ മുങ്ങിമരിച്ചു

പാലക്കാട്∙ പാടത്ത് കൃഷി ആവശ്യത്തിനെടുത്ത കിണറ്റിൽ വീണ ആട്ടിൻക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാളയാറിനുസമീപം വടകരപ്പതി കോഴിപ്പാറ എരിമക്കാരനൂരിൽ ഗുരുസാമി (79) മുങ്ങിമരിച്ചു. വീട്ടിനു സമീപത്തെ പാടത്ത് ആടുകളെ മേയ്ക്കുന്നതിനിടെ ആട്ടിൻക്കുട്ടികളിലൊന്ന് പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. രക്ഷാശ്രമത്തിനിടെ ഗുരുസാമി കാൽ തെന്നി കിണറ്റിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കിണറിന്റെ ഭൂരിഭാഗവും നിറഞ്ഞിരുന്നു. പ്രദേശത്തെ പാടങ്ങളിലേക്കു ജലസേചനത്തിനായെടുത്ത കുഴിയാണിത്. കുളന്തൈ സരസുവാണ് ഗുരുസാമിയുടെ ഭാര്യ. മക്കൾ: കനകരാജ്, അമൽരാജ്.