Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സജീഷേട്ടാ... ആം ഓൾമോസ്റ്റ് ഓൺ ദ് വേ’ – ഒാർമകളിൽ ലിനി മാലാഖ

Nurse-letter 1. മരണക്കിടക്കയിൽ നിന്ന് ലിനി എഴുതിയ കത്ത്. 2.നിപ്പ വൈറസ് പനി ബാധിച്ചു മരിച്ച കോഴിക്കോട് ചെമ്പനോടയിലെ ലിനിയുടെ വീട്ടിൽ ഭർത്താവ് സജീഷും മക്കളായ ഋതുലും സിദ്ധാർഥും. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

‘‘സജീഷേട്ടാ...ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല...സോറി...ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...’’

നിപ്പ വൈറസ് പനി ബാധിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനി (28) മരിക്കുന്നതിനുമുൻപ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കിടന്ന് ഭർത്താവിനെഴുതിയ കത്താണിത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന ഭർത്താവ് സജീഷ് എത്തുമ്പോൾ കാണാൻ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.

lini-nurse ലിനി.

ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി. ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ നഴ്സാണ്. പറക്കമുറ്റാത്ത രണ്ടു മക്കളും അമ്മയും മാത്രമാണു ലിനിയുടെ വീട്ടിലുള്ളത്. 

ഇളയ മകൻ സിദ്ധാർഥിനു പാലുകൊടുത്ത ശേഷം വ്യാഴാഴ്ചയാണു ലിനി ആശുപത്രിയിലേക്കു തിരിച്ചത്. വൈകിട്ട് ആറുമണിക്ക് ജോലിക്കു കയറി. നിപ്പ വൈറസ് ബാധിതരായ (പിന്നീടു മരിച്ച) മൂന്നു പേരും അവിടെ ചികിൽസയിലുണ്ടായിരുന്നു. രാത്രി മുഴുവൻ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂർച്ഛിച്ചതോടെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗൾഫിലുള്ള സജീഷിനെ വിഡിയോ കോൾ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.

മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) വാർഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടതു ലിനി തന്നെയാണ്. ആശുപത്രിയിൽ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭർത്താവ് സജീഷ് കഴിഞ്ഞ ദിവസം രാവിലെ മൂന്നുമണിയോടെ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവിൽ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്. 

ലിനിയുടെ മരണം കാരണം പരിസരവാസികൾക്കു രോഗഭീതി പാടില്ല എന്ന നിലപാടിലായിരുന്നു അമ്മയും സജീഷും സഹോദരങ്ങളും. അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയില്ലെന്നറിഞ്ഞിട്ടും ലിനിയുടെ ശരീരം കോഴിക്കോട്ട് സംസ്കരിക്കാൻ ബന്ധുക്കൾ സമ്മതം നൽകി.

ലിനിയെഴുതിയ കത്ത് നെഞ്ചോടുചേർത്ത് വീടിന്റെ വരാന്തയിൽ നിറകണ്ണുകളോടെ സജീഷുണ്ട്. ഇനിയൊരിക്കലും അമ്മ ഈ പടികടന്നു തിരിച്ചു വരില്ലെന്നറിയാതെ അഞ്ചു വയസുകാരൻ റിതുലും രണ്ടു വയസുകാരൻ സിദ്ധാർഥും മുറ്റത്തു കളിക്കുന്നു.