ബിജെപി ‘ട്രോളന്മാർ’ അസ്വസ്ഥരാകരുത്, ഞാനുടനെ മടങ്ങി വരും: ട്വീറ്റുമായി രാഹുൽ

ന്യൂഡൽഹി∙ ഏതാനും ദിവസത്തേക്കു വിദേശ സന്ദര്‍ശനത്തിനു പോവുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വൈദ്യപരിശോധനയുടെ ഭാഗമായാണു രാഹുലിന്റെ വിദേശ യാത്ര. എല്ലാ വർഷവും നടത്തുന്ന പരിശോധനയാണിതെന്നും ഉടൻ മടങ്ങിവരുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളിലെ ബിജെപിയുടെ ട്രോൾ ആർമിക്കുള്ള ‘സന്ദേശം’ കൂടി രാഹുൽ നൽകി– ‘സുഹൃത്തുക്കളേ നിങ്ങൾ കൂടുതൽ അസ്വസ്ഥരാകരുത്. ഞാനുടനെ മടങ്ങി വരും...’

മുൻപു രാഷ്ട്രീയത്തിൽനിന്നു പറയാതെ അവധിയെടുത്തു ‘മുങ്ങി’ പലവട്ടം ബി‌‌ജെപിയുടെ പരിഹാസത്തിനിരയായിട്ടുണ്ട്, രാഹുൽ. ഈ സാഹചര്യത്തിലായിരുന്നു ട്രോളന്മാര്‍ക്കുള്ള പ്രത്യേക ‘സന്ദേശം’. അതേസമയം എവിടേക്കാണു പോകുന്നതെന്നു രാഹുൽ വ്യക്തമാക്കിയിട്ടില്ല. 

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം 15 ദിവസം അവധിയെടുത്തു കൈലാസയാത്രയ്ക്കു പോകുമെന്നു രാഹുൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിമാനാപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട‌തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘വി‌മാനം 8000 അടി താ‌ഴേക്കു പതിച്ചപ്പോൾ എല്ലാം കഴി‌ഞ്ഞെന്നാണു കരുതിയത്. കൈ‌ലാസ് മാനസസരോവർ യാത്ര നടത്തണമെന്നു നേരത്തേ ആഗ്രഹിച്ചിരുന്നതു പെട്ടെന്നു മനസ്സിൽ മിന്നിമറഞ്ഞു. ആ തീർഥയാത്രയ്ക്ക് അവധി തരിക’– ഡൽഹിയിലെ പൊതുയോഗത്തിനിടെ രാ‌ഹുൽ പറഞ്ഞു.