പ്രവർത്തന നിയന്ത്രണം: തച്ചങ്കരിയെ വെല്ലുവിളിച്ച് സിഐടിയു

കണ്ണൂർ ∙ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്കെതിരെ സിഐടിയു യൂണിയൻ തുറന്ന പോരിലേക്ക്. കണ്ണൂരിലെ കെഎസ്ആർടിസി ഡിപ്പോയിൽ പൊതുയോഗം നടത്തിയശേഷം, നിയമവിരുദ്ധമായി യോഗം ചേർന്നതിന് ശിക്ഷാ നടപടിയെടുക്കാൻൻ കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ തച്ചങ്കരിയെ വെല്ലുവിളിച്ചു. 

കെഎസ്ആർടിസി സ്ഥാപനങ്ങളിൽ സംഘടനകളുടെ പരിപാടികൾ നടത്തുന്നതിൽ തച്ചങ്കരി ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച സിഐടിയു പ്രവർത്തകരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സിഐടിയു നേതാവിന്റെ പരസ്യവെല്ലുവിളി. കെഎസ്ആർടിഇഎയുടെ ഓപ്പൺ ജനറൽ ബോഡിയും യാത്രയയപ്പ് ചടങ്ങുമാണു കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ സംഘടിപ്പിച്ചത്.

യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.കെ. ഹരികൃഷ്ണൻ പറഞ്ഞത്: കെഎസ്ആർടിസിയുടെ ബഹുമാന്യനായ അച്ഛൻ കഴിഞ്ഞ ദിവസം ഒരുത്തരവ് ഇറക്കിയിട്ടുണ്ട്. കെഎസ്ആർടിസി കോംപൗണ്ടിൽ പൊതുയോഗം, മാർച്ച്, ധർണ, പ്രകടനം എന്നിവ നടത്തരുതെന്നാണ് ഉത്തരവ്. അങ്ങനെയെങ്കിൽ ഈ പൊതുയോഗവും നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായി ഞാൻ ഉപയോഗിച്ച ഈ മൈക്ക് പൊലീസുകാരെ വിട്ട് എടുത്തുകൊണ്ടുപോകണം. ടോമിൻ തച്ചങ്കരി ഞങ്ങൾക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളണം. ഇല്ലെങ്കിൽ നിങ്ങൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നു പറയേണ്ടിവരും.