കെഎസ്ആർടിസി ജീവനക്കാർക്ക് വായ്പ നൽകണം, ഇല്ലെങ്കിൽ...: ബാങ്കിന് തച്ചങ്കരിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാർക്കു വായ്പ നിഷേധിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) നടപടിക്കെതിരെ എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാർക്കു വായ്പ അനുവദിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ അക്കൗണ്ട് എസ്ബിഐയിൽനിന്നു മാറ്റുന്നത് ആലോചിക്കേണ്ടിവരുമെന്നു കാണിച്ച് തച്ചങ്കരി എസ്ബിഐക്കു കത്തുനൽകി. ഒരാഴ്ചയ്ക്കകം തീരുമാനമറിയിക്കാമെന്നാണ് എസ്ബിഐ മറുപടി നൽകിയിരിക്കുന്നത്.

കെഎസ്ആർടിസി ജീവനക്കാർക്ക് വായ്പയില്ല

മാസങ്ങളായി ശമ്പളം വൈകി ലഭിച്ചതിനെത്തുടർന്നു ജീവനക്കാരുടെ വായ്പാതിരിച്ചടവു മുടങ്ങിയിരുന്നു. ക്രിസിൽ റേറ്റിങ്ങി‍ൽ കെഎസ്ആർടിസി ജീവനക്കാരുടെ സ്കോർ കുറഞ്ഞതിനെത്തുടർന്നാണ് എസ്ബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ജീവനക്കാരുമായി തച്ചങ്കരി നടത്തിയ കൂടിക്കാഴ്ചകളിൽ അവർ ഉന്നയിച്ച പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു വായ്പ ലഭിക്കാനുള്ള പ്രയാസം. തുടർന്നാണു തച്ചങ്കരി എസ്ബിഐയെ സമീപിച്ചത്.

പ്രതിവർഷം 2000 കോടിയുടെ ഇടപാടാണ് കെഎസ്ആർടിസി എസ്ബിഐ വഴി നടത്തുന്നത്. ജീവനക്കാർക്കു വായ്പ ലഭ്യമാക്കാൻ എസ്ബിഐ നടപടിയെടുത്തില്ലെങ്കിൽ അക്കൗണ്ട് കനറ ബാങ്കിലേയ്ക്കു മാറ്റാനാണ് എംഡിയുടെ തീരുമാനം. പൊതുമേഖലാബാങ്ക് ആണെന്നതിനു പുറമെ കെഎസ്ആർടിസിക്കു വായ്പ നൽകിയ കൺസോർഷ്യത്തിലും കനറ ബാങ്കുണ്ട്.