Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠാൻകോട്ട് ആവർത്തിക്കില്ല; ഭീകരർക്കെതിരെ ‘അദൃശ്യ’ മതിലൊരുക്കി ഇന്ത്യ

laser-wall Representative Image

ന്യൂഡൽഹി∙ ത്രിപുരയിൽ ബംഗ്ലദേശുമായുള്ള അതിർത്തി സുരക്ഷയ്ക്കു ലേസർ രശ്മികളും ഉപയോഗിക്കാൻ ബിഎസ്എഫ് പദ്ധതി. അതിർത്തിയിൽ കമ്പിവേലികൾ സ്ഥാപിക്കാൻ കഴിയാത്ത ചതുപ്പു പ്രദേശങ്ങളിലും നദിയിലും ലേസർ അധിഷ്ഠിത അദൃശ്യ അതിരുകൾ സ്ഥാപിക്കുന്നതു പരിഗണനയിലാണെന്നു ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. പിന്നീടു കമ്പി വേലികൾ ഉള്ളിടത്തേക്കും ലേസർ കാവൽ വ്യാപിപ്പിക്കും.

നുഴഞ്ഞുകയറ്റം തടയാൻ അസമിലെ രാജ്യാന്തര അതിർത്തിയായ ധൂബ്രിയിലും സമാന സുരക്ഷ ഒരുക്കുന്നതു പരിഗണനയിലുണ്ട്. പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിൽ പാക്കിസ്ഥാനുമായുള്ള അതിർത്തി മേഖലകളിൽ ലേസർ അതിരുകൾ നേരത്തേ സജ്ജമാക്കിയിരുന്നു. നുഴഞ്ഞുകയറ്റം തടയാൻ ഇത് ഏറെ സഹായിച്ചുവെന്നാണു വിലയിരുത്തൽ.

ത്രിപുരയിൽ 856 കിലോമീറ്റർ നീളമുള്ള ബംഗ്ലദേശ് അതിർത്തിയിൽ 840 കിലോമീറ്ററിൽ കമ്പിവേലി സ്ഥാപിക്കാനുള്ള പദ്ധതിക്കു കേന്ദ്രം നേരത്തേ പച്ചക്കൊടി കാട്ടിയിരുന്നു. ഇതിനു പുറമേയാണു ലേസർ കാവൽ കൂടി ഒരുക്കുന്നത്.

പഠാൻകോട്ട് നൽകിയ പാഠം

2016ൽ പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തിയ പാക്ക് ഭീകരർ പഞ്ചാബ് അതിർത്തിയിലെ ചതുപ്പു പ്രദേശത്തു കൂടിയാണ് ഇന്ത്യയിലേക്കു കടന്നത്. കമ്പിവേലി ഇല്ലാതിരുന്ന ഇതുവഴിയുള്ള നുഴഞ്ഞുകയറ്റം ഇന്ത്യൻ സേനയുടെ കണ്ണിൽപ്പെട്ടില്ല. തുടർന്നാണ്, അതിർത്തി മേഖലകൾ ലേസർ രശ്മികൾ കൊണ്ടു സുരക്ഷിതമാക്കാൻ സേന നടപടിയാരംഭിച്ചത്. 

ലേസർ മതിൽ

അതിർത്തിയെ ലേസർ രശ്മികൾ കൊണ്ടു സുരക്ഷിതമാക്കാൻ ഇസ്രയേൽ സാങ്കേതിക വിദ്യയാവും ഇന്ത്യ ഉപയോഗിക്കുക. ലേസർ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം ഭേദിച്ചാലുടൻ സെൻസറുകൾ ഇതു തിരിച്ചറിയുകയും കൺട്രോൾ റൂമിൽ അപായസന്ദേശം നൽകുകയും ചെയ്യും. ലേസർ തടസ്സപ്പെടുത്തുന്ന നീക്കത്തിന്റെ ചിത്രങ്ങൾ ക്യാമറകൾ കൺട്രോൾ റൂമിലെത്തിക്കും. രാത്രിയിലും കടുത്ത മൂടൽമഞ്ഞിലും പ്രവർത്തിക്കുന്ന ക്യാമറകൾ ഇതിനായി സ്ഥാപിക്കും.