വിവാദ പ്രസ്താവനയ്ക്കില്ല; സുധീരനെതിരെ 'മിണ്ടാതെ' ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ ഒന്നുംമിണ്ടാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കു താൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വി.എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ആന്ധ്രപ്രദേശിൽ നിന്നു മടങ്ങിയെത്തിയ ശേഷം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരസ്യമായ അഭിപ്രായ പ്രകടനം പാടില്ലെന്ന് ആന്ധ്രയിലെ നേതാക്കൾക്കു നിർദേശം നല‍്കിയ ശേഷമാണ് എത്തിയിരിക്കുന്നത്. കെപിസിസി യോഗത്തിൽ പങ്കെടുക്കാതിരുന്നത് ആന്ധ്രയിൽ മൂന്നുദിവസം നീണ്ടുനിന്ന പാർട്ടി പരിപാടികളെത്തുടർന്നാണ്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും അറിയിച്ചിരുന്നു. തനിക്കു പങ്കെടുക്കണമെങ്കിൽ യോഗം മാറ്റിവയ്ക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്കു വേണ്ടി യോഗം മാറ്റുന്നതു  ശരിയല്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവന നടത്തരുതെന്ന് കെപിസിസി നേരത്തേ താക്കീത് നല്‍കിയിരുന്നു. ഇതു മറികടന്നാണ് സുധീരൻ ബുധനാഴ്ച ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചത്. 

തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു വി.എം.സുധീരൻ ആരോപിച്ചിരുന്നു. അധ്യക്ഷനായിരിക്കെ താൻ നടത്തിയ രണ്ടു ജാഥകളും പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. ജാഥകൾ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു പ്രസംഗത്തിൽ തന്റെ പേരുപറയാൻ പോലും മടിയായിരുന്നു–ഇങ്ങനെ പോകുന്നു സുധീരന്റെ ആരോപണങ്ങൾ. 

അതേസമയം കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഹൈക്കമാൻഡിനെ സമീപിച്ചു. നേതാക്കളുമായി ഉടൻ ചർച്ച നടത്തണമെന്നാണ് പ്രതാപന്റെ ആവശ്യം.