ക്യാംപ് ഫോളോവേഴ്സ്: മുഖ്യമന്ത്രി ഉന്നത പൊലീസ് യോഗം വിളിച്ചു, ‘വടിയെടുത്ത്’ ഡിജിപിയും

പിണറായി വിജയന്‍ ലോക്നാഥ് ബെഹ്റ തുടങ്ങിയവർ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ക്യാംപ് ഫോളോവേഴ്സിന്റെ കാര്യത്തില്‍ മുന്‍പു പുറത്തിറങ്ങിയ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കണമെന്നു ഡിജിപിയുടെ നിര്‍ദേശം. എസ്പിമാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഡിജിപി നിര്‍ദേശങ്ങള്‍ നല്‍കിയത്. വരുന്ന 26ന് തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

എഡിജിപി സുദേഷ്കുമാറിന്റെ മകള്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്നു ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. ഡിജിപി എല്ലാ മാസവും നടക്കാറുള്ള വിഡിയോ കോണ്‍ഫറന്‍സാണെങ്കിലും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപ് ഫോളോവര്‍മാരുടെ വിഷയത്തിനാണു പ്രാധാന്യം ലഭിച്ചത്. 

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ നിയമങ്ങള്‍ പാലിക്കണമെന്നു ഡിജിപി നിര്‍ദേശിച്ചു. സേനയ്ക്ക് നാണക്കേടുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ക്യാംപ് ഫോളോവേഴ്സിനെ വീട്ടുജോലിക്ക് നിയമിക്കുന്ന സാഹചര്യം ഒഴിവാക്കണം.

ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ക്യാംപ് ഫോളോവേഴ്സിനെ വീട്ടു ജോലിക്കു നിയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം. ക്യാംപ് ഫോളോവേഴ്സിന്റെ പരാതികള്‍ മേലുദ്യോഗസ്ഥര്‍ അടിയന്തരമായി പരിഗണിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

ഓദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്നും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ ഉപയോഗിക്കരുത്. ചട്ടങ്ങള്‍ അനുസരിക്കണം. വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതികളുണ്ടെന്നും ഈ സ്ഥിതി മാറേണ്ടതുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

ക്യാംപ് ഫോളോവേഴ്സിന്റെ പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പും ആരംഭിച്ചു. ചില ഉദ്യോഗസ്ഥര്‍ ഒന്നിലധികം വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ മറ്റുള്ള ഓഫിസുകളിലേക്കു നല്‍കും.