പിണക്കം മറന്ന് പിണറായി, മമത കൂടിക്കാഴ്ച; ഒപ്പം കർണാടക, ആന്ധ്ര മുഖ്യമന്ത്രിമാരും

മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവർ കൂടിക്കാഴ്ചയിൽ.

ന്യൂഡൽഹി∙ പിണക്കം മറന്നു കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയനും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും. നീതി ആയോഗിന്റെ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് പിണറായി ഡൽഹിയിലെത്തിയത്. ഒപ്പം ചീഫ്സെക്രട്ടറി പോൾ ആന്റണിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതിനിടെ രാത്രിയോടെയായിരുന്നു കൂടിക്കാഴ്ച. മമത ബാനർജിയ്ക്കൊപ്പം കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരുമുണ്ടായിരുന്നു. എന്നാൽ എന്താണു ചർച്ച ചെയ്തതെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും പരസ്പരം മിണ്ടാതെ മാറി നിൽക്കുകയായിരുന്നു. വേദിയിൽ നേരത്തേയെത്തിയ പിണറായി വേദിയുടെ ഇടതുഭാഗത്തു ചന്ദ്രബാബു നായിഡുവിനും മറ്റുമൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു. പ്രമുഖ നേതാക്കളെല്ലാം എത്തിക്കഴിഞ്ഞ് അൽപം വൈകിയാണ് മമതയെത്തിയത്.

ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് വേദിയുടെ ഇടത്തേയറ്റത്തേക്കു നടന്ന മമതയെ കണ്ട് മറ്റുള്ളവരെല്ലാം എഴുന്നേറ്റെങ്കിലും പിണറായി അനങ്ങിയില്ല. മൂന്നു കസേരയ്ക്കിപ്പുറംവരെ വന്നു പിണറായിയെ നോക്കാതെ മമത തിരിച്ചു പോകുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ മേയ് 24നു പിണറായി വിജയനു പിറന്നാൾ ആശംസകളറിയിച്ച് മമത ട്വീറ്റ് ചെയ്തത് രാഷ്ട്രീയവൃത്തങ്ങളിൽ അമ്പരപ്പുണ്ടാക്കിയിരുന്നു.