മതം മാറാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു നീതി ലഭിക്കണമെന്ന് ആർഎസ്എസ് വക്താവ്

ന്യൂഡൽഹി∙ മിശ്രവിവാഹ ദമ്പതികളോടു മതം മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനു നീതി ലഭിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് വക്താവ് രാജീവ് തുളി. ‘ഇരയ്ക്കും ഉന്നതരോട് അടുപ്പമുള്ളവർക്കും അപ്പുറം ഒരു ലോകമുണ്ട്. വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥനു നീതി ലഭിക്കണം,’ രാജീവ് ട്വിറ്റിൽ കുറിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗം വിദേശകാര്യ മന്ത്രി ആരായണമെന്നും നിയമത്തിന്റെ മുകളിലല്ല മന്ത്രിയുടെ സ്ഥാനമെന്നും ആദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതിനുശേഷം ഇതു തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും രാജീവ് തുളി വീണ്ടും ട്വീറ്റ് ചെയ്തു.

രണ്ടു ദിവസം മുമ്പ് മിശ്രവിവാഹ ദമ്പതികളായ മുഹമ്മദ് അനസ് സിദ്ധിഖി, തൻവി സേഥ് എന്നിവർ ലക്നൗ പാസ്പോർട്ട് ഓഫിസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥൻ അനസിനോടു മതം മാറാൻ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. വിവാഹത്തിനു ശേഷം തൻവി ഭർത്താവിന്റെ പേര് ഒപ്പം ചേർക്കാത്തതിലും ഉദ്യോഗസ്ഥൻ കയർത്തുവെന്നും ആരോപണമുണ്ട്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥൻ രംഗത്തെത്തിയിരുന്നു.