മേജറുടെ ഭാര്യയുടെ കൊലപാതകം: പ്രതിക്ക് ഡൽഹിയിൽ മാത്രം കാമുകിമാർ മൂന്ന്

ഷൈൽജ ദ്വിവേദി, നിഖിൽ ഹന്ദ

ന്യൂഡൽഹി∙ സുഹൃത്തായ മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കരസേന മേജർ നിഖിൽ ഹന്ദയ്ക്കു ഡൽഹിയിൽ മാത്രമുണ്ടായിരുന്നതു മൂന്നു കാമുകിമാർ. മേജർ അമിത് ദ്വിവേദിയടെ ഭാര്യ ഷൈൽജയെ കൊലപ്പെടുത്തിയ വിവരം ഇവരിൽ ഒരാളെ നിഖിൽ വിളിച്ചു പറയുകയും ചെയ്തു.

കൊലനടത്തി ഏതാനും മിനുറ്റുകൾക്കപ്പുറത്തായിരുന്നു നിഖിലിന്റെ ഈ ‘ഏറ്റുപറച്ചിൽ’. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണു പൊലീസിന് ഇതു സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചത്. നിഖിലിനേക്കാൾ ഏറെ മുതിർന്ന വനിതയെയാണു കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മൂന്നു പേരിൽ നിഖിലിന് ഏറ്റവും ഇഷ്ടം ഇവരോടായിരുന്നു.

ഷൈൽജയെ കൊലപ്പെടുത്തിയ വിവരം കേട്ടപ്പോൾ തമാശയാണെന്നാണു കരുതിയത്. ഫോൺ കട്ടും ചെയ്തു. അതുകൊണ്ടാണു പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും ചോദ്യം ചെയ്യലിൽ ഇവർ വ്യക്തമാക്കി.

ഡൽഹിയിൽ താമസിക്കുന്ന ഈ വനിത വിവാഹമോചിതയാണ്. മുതിർന്ന രണ്ടു മക്കളുമുണ്ട്. അതിനാൽത്തന്നെ ഇവരും നിഖിലുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ മറച്ചുവച്ചാണു പൊലീസിന്റെ അന്വേഷണം. ഇവരെ വിളിച്ചതിനു ശേഷം നിഖിൽ സഹോദരനോടാണു ഫോണിൽ സംസാരിച്ചത്. ഇരുവർക്കും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

2015ലാണ് മൂന്നു കാമുകിമാരിൽ ചിലരുമായി ഹന്ദ സൗഹൃദം സ്ഥാപിക്കുന്നത്. ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു സൗഹൃദം സ്ഥാപിച്ചെടുത്തത്. ഷൈൽജയുടെയും ഫെയ്സ്ബുക് അക്കൗണ്ട് നിഖിൽ പരിശോധിച്ചിരുന്നു. എന്നാൽ ആർമി മേജറുടെ ഭാര്യയാണെന്നറിഞ്ഞതോടെ നേരിട്ടു പരിചയപ്പെടാൻ തീരുമാനിക്കുകയായിരുന്നു.

ഡൽഹിയിലെ കാമുകിമാരോടെല്ലാം തന്റെ ബന്ധങ്ങൾ സംബന്ധിച്ചു പലതരം നുണകളായിരുന്നു നിഖിൽ പറഞ്ഞിരുന്നത്. ഷൈൽജയ്ക്കു തന്നോടാണു താൽപര്യമെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പൊലീസോ ഷൈൽജയെ അടുത്തറിയാവുന്നവരോ ഇതു വിശ്വസിക്കുന്നില്ല.

വിവാഹം ചെയ്യണമെന്ന നിഖിലിന്റെ ആവശ്യം നിരസിച്ചതിനാലാണു കൊലപാതകമെന്നാണു പൊലീസ് നിഗമനം. ജൂൺ നാലിനു മൈഗ്രെയ്നു ചികിത്സ തേടിയെന്ന മട്ടിൽ ഹന്ദ ആർമി ഹോസ്പിറ്റലിലെത്തിയിരുന്നു. ഇവിടെ ഫിസിയോതെറപ്പിക്കെത്തിയിരുന്ന ഷൈൽജുമായി സംസാരിക്കുകയും ചെയ്തു.

കൊലപാതകം നടന്ന ശനിയാഴ്ച ഭാര്യയെ കാണാതായതിനെത്തുടർന്ന് അമിത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അതിൽ നിഖിലിനെ കണ്ടതോടെയാണ് സംശയമായത്.  തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചെങ്കിലും കൊലപാതക വിവരമായിരുന്നു പൊലീസിന് അമിതിനോട് പറയാനുണ്ടായിരുന്നത്. പിന്നാലെ നിഖിലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു.

അതിനിടെ  അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതായി പൊലീസ് പറയുന്നു. സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ കത്തി ഷൈൽജയുടെ കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്നും വെസ്റ്റ് ഡൽഹി ഡിസിപി വിജയ് കുമാർ പറയുന്നു. എന്നാൽ ഹന്ദയ്ക്കെതിരെ 90 ശതമാനം തെളിവുകളും ലഭിച്ചു കഴിഞ്ഞു. ദിനംപ്രതി പുതിയ ‘വിവരങ്ങൾ’ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സത്യം ഏതാനും ദിവസങ്ങൾക്കകം വെളിപ്പെടുത്തുമെന്നും ഡിസിപി അറിയിച്ചു